അഗര്‍ത്തല: ത്രിപുരയിലെ ബിജെപി സഖ്യകക്ഷിയായ ഐപിഎഫ്ടി പാര്‍ട്ടിയില്‍ നിന്ന് നാനൂറോളം പ്രവര്‍ത്തകര്‍ കൂട്ടത്തോടെ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ദിവസങ്ങള്‍ക്ക് മുമ്പ് മൂന്ന് വനിതാനേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെയാണ് നാനൂറോളം പ്രവര്‍ത്തകരും പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയത്. ഐപിഎഫ്ടി സീനിയര്‍ വൈസ് ചെയര്‍പേഴ്സണ്‍ കൃതിമോഹന്‍ ത്രിപുരയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ പാര്‍ട്ടി വിട്ടത്.
ത്രിപുരലാന്റ് എന്ന സംസ്ഥാനം വേണമെന്ന ആവശ്യവുമായാണ് 2009-ല്‍ ഐപിഎഫ്ടി പാര്‍ട്ടി രൂപീകരിച്ചത്. എന്നാല്‍ ത്രിപുരലാന്റ് എന്ന സംസ്ഥാനം ഒരിക്കലും പ്രാവര്‍ത്തികമാകാത്ത സ്വപ്നമാണെന്നും പുതിയൊരു സംസ്ഥാനം പ്രായോഗികമല്ലെന്നുമാണ് ഇപ്പോള്‍ പാര്‍ട്ടി വിട്ടവര്‍ പറയുന്നത്.
അതിനാല്‍ ജനങ്ങളെ കബളിപ്പിക്കുന്ന ഐപിഎഫ്ടിയില്‍ നിന്ന് തങ്ങള്‍ പുറത്തു പോവുകയാണെന്നും അവര്‍ വ്യക്തമാക്കി. നിലവില്‍ ത്രിപുരയില്‍ ഭരണത്തിലുള്ള ബിജെപി സര്‍ക്കാരിലെ മുഖ്യസഖ്യകക്ഷിയാണ് ഐപിഎഫ്ടി കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി സഖ്യത്തില്‍ മത്സരിച്ച ഐപിഎഫ്ടി എട്ടുസീറ്റുകളില്‍ വിജയിച്ചിരുന്നു.