ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ കോടിക്കണക്കിന് രൂപ ചിലവിഴിച്ച് രാമന്റെ പ്രതിമ നിര്‍മിക്കാന്‍ യുപി സര്‍ക്കാറിന് മടിയില്ലെങ്കില്‍ എന്തു കൊണ്ട് തനിക്ക് പ്രതിമ നിര്‍മിച്ച് കൂടായെന്ന് ബിഎസ്പി നേതാവ് മായാവതി. മുഖ്യമന്ത്രി ആയിരിക്കെ ലക്നൗവിലും നോയിഡയിലും സ്വന്തം പ്രതിമകളും, പാര്‍ട്ടി ചിഹ്നമായ ആനയുടെ പ്രതിമകളും നിര്‍മിക്കാനുണ്ടായ സാഹചര്യം വ്യക്തമാക്കുകയായിരുന്നു അവര്‍.
മായാവതി പ്രതിമ നിര്‍മിക്കുക വഴി പൊതുഖജനാവിലെ പണം ദുര്‍വ്യയം ചെയ്യുകയായിരുന്നുവെന്ന് കാണിച്ച് 2009ല്‍ സമര്‍പ്പിച്ച ഒരു പൊതു താല്പര്യ ഹര്‍ജിയിലായിരുന്നു മായാവതിയുടെ വിശദീകരണം. പ്രതിമ സ്ഥാപിക്കാന്‍ പൊതു പണം ഉപയോഗിച്ചത് ചോദ്യം ചെയ്ത് അഭിഭാഷകനായ രവി കാന്താണ് ഹര്‍ജി നല്‍കിയത്. അതേസമയം, പൊതുഖജനാവില്‍ നിന്നെടുത്ത പണം മായാവതി തിരിച്ചടക്കേണ്ടി വരുമെന്ന് കോടതി പറഞ്ഞിരുന്നു.
അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു വേണ്ടി ഞങ്ങള്‍ ചെയ്ത നല്ല കാര്യങ്ങളും ക്ഷേമ പദ്ധതികളും തിരിച്ചറിഞ്ഞ ജനങ്ങളുടെ ആഗ്രഹത്തിന്റെ പ്രതിഫലനം ആണിതെന്നായിരുന്നു മായാവതി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയത്.
എന്ത് കൊണ്ട് ദളിത് നേതാവ് പ്രതിമ നിര്‍മ്മിക്കുമ്പോള്‍ മാത്രം പ്രശ്നം? കോണ്‍ഗ്രസും ബിജെപിയും പ്രതിമ നിര്‍മ്മിക്കുമ്പോള്‍ യാതൊരു പ്രശ്നവുമില്ലല്ലോ?. ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, സര്‍ദാര്‍ വല്ലഭായി പട്ടേല്‍, ശിവാജി, എന്‍ടി രാമറാവു, ജയലളിത എന്നിവരെ ഓര്‍മിപ്പിച്ചു കൊണ്ട് മായാവതി ചോദിച്ചു. മാത്രമല്ല, പ്രതിമ നിര്‍മാണം പുതിയ കാര്യമല്ലെന്ന് സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ഏക്താ പ്രതിമയെ പരാമര്‍ശിച്ച് മായാവതി പറയുന്നു.