ന്യൂഡല്‍ഹി: അബുദാബിയില്‍ ഗള്‍ഫ് മേഖലയിലെ ആദ്യ ഹിന്ദു ക്ഷേത്രം ഉദ്ഘാടനം ചെയ്യാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോഡി. ഏപ്രില്‍ 20നാണ് ചടങ്ങ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ റമദാന് തൊട്ടുമുമ്പ് ഇത്തരമൊരു പരിപാടിയുടെ ഉദ്ഘാടനം നടത്തുന്നതില്‍ യുഎഇ സര്‍ക്കാരിന് എതിര്‍പ്പുണ്ടെന്നാണ് സൂചന.
യുഎഇയും വിദേശമന്ത്രാലയ ഉദ്യോഗസ്ഥരും മോഡിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ തുടരുകയാണ്. അതേസമയം, ചടങ്ങ് തെരഞ്ഞെടുപ്പ് ചട്ടലംഘനമാകുമെന്ന അഭിപ്രായവും ചില വിദഗ്ധര്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് വിദേശത്തായാലും ഹിന്ദു ക്ഷേത്രത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കുന്നത് പ്രചാരണത്തിന്റെ ഭാഗമായിത്തന്നെ കണക്കാക്കേണ്ടി വരുമെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ യുഎഇ സന്ദര്‍ശിച്ചപ്പോള്‍ പ്രധാനമന്ത്രി ഇതേ ക്ഷേത്രത്തിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അവസാനത്തെ വിദേശസന്ദര്‍ശനമാകും യുഎഇയിലേത്.