ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. ജമ്മുകാഷ്മീരിലെ നൗഷേര സെക്ടറില്‍ പാകിസ്താന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. പ്രദേശത്ത് ഷെല്ലാക്രമണവും ഉണ്ടായെന്നാണ് വിവരം. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചെന്ന് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.
അതിനിടെ കഴിഞ്ഞ ദിവസം പാകിസ്താന്റെ എഫ് 16 യുദ്ധവിമാനങ്ങള്‍ നിയന്ത്രണ രേഖയ്ക്ക് അരികില്‍ എത്തിയിരുന്നു. ഇന്നലെ പുലര്‍ച്ചെ മൂന്നു മണിയോടെ നാല് യുദ്ധവിമാനങ്ങളാണ് അതിര്‍ത്തിക്ക് അരികേ എത്തിയത്.
യുദ്ധവിമാനങ്ങള്‍ പഞ്ചാബിലെ ഖേംകരാന് സെക്ടറിന് സമീപത്തെ റഡാറുകളില്‍ കണ്ടെത്തിയിരുന്നു.ഇന്ത്യന്‍ സൈനിക നീക്കങ്ങള്‍ നിരീക്ഷിക്കാനാണ് പാക് യുദ്ധ വിമാനങ്ങള്‍ എത്തിയതെന്നാണ് സൂചന.