ന്യൂഡല്‍ഹി; രാജ്യത്തെ 543 ലോക്സഭാ മണ്ഡലങ്ങള്‍ തെരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോള്‍ അതില്‍ ഏറ്റവും കൂടുല്‍ വോട്ടിംഗ് മെഷീന് ഉപയോഗിച്ച് പോളിംഗ് നടത്തുന്ന മണ്ഡലമാവുകയാണ് തെലങ്കാനയിലെ നിസാമാബാദ്. സ്ഥാനാര്‍ത്ഥി ബാഹുല്യം കാരണം ബാലറ്റ് പേപ്പറിലായിരിക്കും വോട്ടെടുപ്പ് നടത്തുകയെന്നാണ് നേരത്തെ സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചിരുന്നത്. എന്നാല്‍ വോട്ടെടുപ്പ് വോട്ടിംഗ് മെഷീന് ഉപയോഗിച്ച് മതിയെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പിന്നീട് വ്യക്തമാക്കുകയായിരുന്നു.
സാധാരണ രീതിയില്‍ നോട്ട ഉള്‍പ്പെടെ 64 സ്ഥാനാര്‍ത്ഥികള്‍ കഴിഞ്ഞാല്‍ വോട്ടിംഗ് മെഷീന് ഉപയോഗിച്ചുള്ള പോളിംഗ് പ്രായോഗികമല്ല. നിലവിലുള്ള വോട്ടിങ് മെഷീനുകള്‍ തന്നെയാണ് ഉപയോഗിക്കുന്നതെങ്കില്‍ 12 വോട്ടിങ് മെഷീനുകള്‍ ഒരേ സമയം ഒരു ബൂത്തില്‍ ഉപയോഗിക്കേണ്ടിവരും. വോട്ടിംഗ് മെഷീന് വഴി തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചതോടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ വോട്ടിംഗ് മെഷീനുകള്‍ ഉപയോഗിക്കുന്ന മണ്ഡലമാകും നിസാമാബാദ്.
185 പേരാണ് നിസാമാബാദില്‍ നാമനിര്‍ദേശ പട്ടിക സമര്‍പ്പിച്ചിട്ടുള്ളത്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച 185 പേരില്‍ 178 പേരും കര്‍ഷകരാണ്. തെലങ്കാനയിലെ മഞ്ഞള്‍ ചോളം കര്‍ഷകരുടെ പ്രതിഷേധമാണ് സ്ഥാനാര്‍ത്ഥികളുടെ എണ്ണം ഉയരാന്‍ കാരണമായത്. ഏപ്രില്‍ 11നാണ് നിസാമാബാദില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.