പാട്ന: ആര്‍ജെഡി നേതാവും സഹോദരനുമായ തേജസ്വി യാദവുമായുള്ള അഭിപ്രായഭിന്നതകള്‍ക്കൊടുവില്‍ തേജ് പ്രതാപ് യാദവ് പുതിയ പാര്‍ട്ടി രൂപീകരിച്ചു. താന്‍ നിര്‍ദേശിച്ച സ്ഥാനാര്‍ത്ഥികളെ ആര്‍ജെഡിയില്‍ മത്സരിപ്പിക്കാത്തതില്‍ പ്രതിഷേധിച്ചാണ് തേജ് പ്രതാപ് യാദവ് പുതിയ പാര്‍ട്ടി രൂപീകരിച്ചത്. ലാലു റാബ്രി മോര്‍ച്ച എന്ന് പേരിട്ടിരിക്കുന്ന പാര്‍ട്ടി ജെന്ഹാബാദില് ആര്‍ജെഡി സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിക്കുന്ന സ്വതന്ത്രനെ പിന്തുണക്കുമെന്ന് തേജ് പ്രതാപ് അറിയിച്ചു.
ബിഹാറിലെ ജെന്ഹാബാദ് , സിയോഹര് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ തേജ് പ്രതാപ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇവരെ മത്സരിപ്പിക്കാന്‍ തേജസ്വി യാദവ് തയ്യാറായില്ല. കൂടാതെ ഭാര്യയുടെ പിതാവായ ചന്ദ്രിക റായ്ക്ക് സീറ്റ് നല്കിയതും തേജ് പ്രതാപിനെ ചൊടിപ്പിച്ചു. ചന്ദ്രിക റായിയുടെ മകളായ ഐശ്വര്യയെ വിവാഹം ചെയ്ത് ആറ് മാസത്തിനുള്ളില്‍ വേര്‍പിരിയുകയാണെന്ന് തേജ് പ്രതാപ് അറിയിച്ചിരുന്നു. ഇതിനിടെയാണ് ചന്ദ്രിക റായ്ക്ക് സീറ്റ് നല്കിയതും.
തേജ് പ്രതാപ് യാദവിന്റെ ആവശ്യങ്ങള്‍ തേജസ്വി യാദാവ് തള്ളിയതോടെയാണ് തേജ് പുതിയ പാര്‍ട്ടി രൂപികരിച്ചത്. ആര്‍ജെഡിയ്ക്കെതിരെ ജെന്ഹബാദിലും സിയോഹറിലും മത്സരിക്കുന്ന സ്വതന്ത്രരെ പുതിയ പാര്‍ട്ടിയായ ലാലു റാബ്രി മോര്‍ച്ച പിന്തുണയ്ക്കുമെന്ന് തേജ് പറഞ്ഞു.