ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി ദൂരദര്ശന് ചാനലിനെ ദുരുപയോഗം ചെയ്തതായി കോണ്‍ഗ്രസ്. നിരന്തരമായി മോഡിയുടെ പ്രസംഗങ്ങള്‍ ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്തതോടെയാണ് ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്. ഇത് സംബന്ധിച്ച് പരാതിയുമായി കോണ്‍ഗ്രസ് പ്രതിനിധികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.
ദൂരദര്‍ശനെ നമോ ചാനലാക്കി മാറ്റുകയാണ് സര്‍ക്കാര്‍ എന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ബിജെപിയുടെ ‘മേം ഭി ചൗക്കീദാര്‍’ പരിപാടി ദൂരദര്ശന് ലൈവായി സംപ്രേഷണം ചെയ്തെന്നും യൂട്യൂബിലും, ദൂരദര്‍ശന്റെ സോഷ്യല്‍ മീഡിയ സൈറ്റുകളിലും പരിപാടി പ്രചരിപ്പിക്കുകയും ചെയ്തെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.
ഇതേ തുടര്‍ന്നാണ് നടപടി ആവശ്യപ്പെട്ട് പ്രതിനിധികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുന്നത്. മറ്റ് സ്വകാര്യ ചാനലുകളില്‍ മോഡിയുടെ പരിപാടികള്‍ സംപ്രേഷണം ചെയ്തെന്നും ‘നമോ’ ലോഗോ പ്രദര്‍ശിപ്പിച്ചെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. പൊതു ഇടങ്ങള്‍ രാഷ്ട്രീയവത്കരിക്കുന്നത് തരംതാണ പ്രവര്‍ത്തിയാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാലയും പറഞ്ഞു.