മുംബൈ: ബിജെപി ദുര്‍ബലമായ കേരളത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നത് നിലവിലെ രാഷ്ട്രീയ പരിസ്ഥിതിയില്‍ തെറ്റായ സന്ദേശം നല്‍കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മഹാരാഷ്ട്രാ മുന്‍ മുഖ്യമന്ത്രിയുമായ പൃഥ്വിരാജ് ചൗഹാന്. രാഹുല്‍ ഗാന്ധിയുടെ ഈ തീരുമാനം ദൗര്‍ഭാഗ്യകരമായിപ്പോയെന്നും അദ്ദേഹം പ്രതികരിച്ചു.
രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ തീരുമാനിച്ച സ്ഥിതിക്ക് ഇടതുപക്ഷവുമായി ധാരണയിലെത്തണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ലോക്സഭ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ നിന്ന് ജനവിധി തേടുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വ്യാഴാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. കേരളത്തില്‍ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം വ്യാഴാഴ്ചയാണ്. ബുധനാഴ്ച വൈകിട്ട് കോഴിക്കോട്ടെത്തുന്ന രാഹുല്‍ വ്യാഴാഴ്ചയാണ് വയനാട്ടില്‍ എത്തുന്നത്.