ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ബന്ധമുള്ള 687 പേജുകള്‍ നീക്കം ചെയ്തെന്ന ഫേസ്ബുക്കിന്റെ വാദം തള്ളി കോണ്‍ഗ്രസ്. തങ്ങളുടെ ഔദ്യോഗിക പേജുകള്‍ ഒന്നും നീക്കം ചെയ്യപ്പെട്ടിട്ടില്ലെന്ന് കോണ്‍ഗ്രസ് ട്വീറ്റിലൂടെ അറിയിച്ചു.
കോണ്‍ഗ്രസിന്റെ പ്രൊഫൈലോ പാര്‍ട്ടി ചുമതലപ്പെടുത്തിയ പ്രവര്‍ത്തകരുടെ പ്രൊഫോലോ നീക്കം ചെയ്തിട്ടില്ല. നീക്കം ചെയ്തെന്ന് ഫേയ്സ്ബുക്ക് അവകാശപ്പെട്ട പേജുകളുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഫേസ്ബുക്കിന്റെ മറുപടിക്കായി കാത്തിരിക്കുകയാണ്- കോണ്‍ഗ്രസ് ട്വിറ്ററിലൂടെ കുറിച്ചു.
ചട്ടങ്ങള്‍ ലംഘിച്ച 687 ഫേസ്ബുക്ക് പേജുകള്‍ നീക്കം ചെയ്തുവെന്നാണ് ഫേസ്ബുക്ക് സൈബര്‍ സെക്യൂരിറ്റി പോളിസി തലവന്‍ നതാനിയേല്‍ ഗ്ലേയ്സിയേഴ്സ് നേരത്തെ അറിയിച്ചിരുന്നത്.
തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ പ്രചരിപ്പിച്ച വ്യാജ അക്കൗണ്ടുകളാണ് നീക്കം ചെയ്തത് എന്നായിരുന്നു ഫേയ്സ് ബുക്ക് അറിയിച്ചത്. പേജുകള്‍ കൈകാര്യം ചെയ്തിരുന്ന അക്കൗണ്ടുകളില്‍ ഭൂരിഭാഗവും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഐടി സെല്ലുമായി ബന്ധപ്പെട്ടവയാണെന്ന് കണ്ടെത്തിയെന്നായിരുന്നു ഫേസ്ബുക്കിന്റെ അവകാശവാദം. ഈ വാദം തള്ളിയാണ് കോണ്‍ഗ്രസ് രംഗത്ത് വന്നിരിക്കുന്നത്.