മുംബൈ: മുംബൈയിലും കൊല്‍ക്കത്തയിലും ഖത്തറിന്റെ പുതിയ വിസ സെന്ററുകള്‍ തുറന്നു. ബയോമെട്രിക് വിവരശേഖരണവും വൈദ്യപരിശോധനയും അടക്കമുള്ള എല്ലാ കാര്യങ്ങളും നാട്ടില്‍ നിന്ന് തന്നെ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നതാണ് വിസ സെന്ററുകളുടെ പ്രത്യേകത.
ഇന്ത്യ ഉള്‍പ്പെടെ എട്ട് വിദേശ രാജ്യങ്ങളിലാണ് ഖത്തര്‍ വിസ കേന്ദ്രങ്ങള്‍ തുറക്കുന്നത്. ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനമനുസരിച്ച് ഇന്ത്യയില്‍ ഇനി കൊച്ചി, ഹൈദരാബാദ്, ലഖ്നൗ, ചെന്നൈ എന്നിവിടങ്ങളില്‍ കൂടി ഉടന്‍ ഇത്തരം കേന്ദ്രങ്ങള്‍ തുറക്കും.
ഖത്തര്‍ ആഭ്യന്തര മന്ത്രാലയം നിയോഗിച്ച പ്രത്യേക ഏജന്‍സിയുടെ കീഴില്‍ ഇടപ്പള്ളിയില്‍ ആരംഭിക്കുന്ന കേന്ദ്രത്തില്‍ വെച്ച് തൊഴില്‍ വിസയുടെ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തീകരിക്കാനാവും. തൊഴില്‍ കരാര്‍ മാതൃഭാഷയില്‍ ലഭ്യമാവും.
നടപടികള്‍ പൂര്‍ത്തിയാക്കി ഖത്തറില്‍ എത്തിയാല്‍ നേരിട്ട് ജോലിയില്‍ പ്രവേശിക്കാം. എത്തുന്ന ദിവസം തന്നെ റെസിഡന്‍സി കാര്‍ഡും ലഭിക്കും. ഇന്ത്യ ഉള്‍പ്പെടെ എട്ട് രാജ്യങ്ങളിലാണ് സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നത്.