മുംബൈ: ഓണ്‍ലൈനില്‍ നിന്നും വാങ്ങിയ സാരി തിരിച്ചു നല്കിയ യുവതിക്ക് അക്കൗണ്ടില്‍ നിന്നും പണം നഷ്ടമായി. 75,000 രൂപയാണ് യുവതിയുടെ അക്കൗണ്ടില്‍ നിന്നും നഷ്ടമായത്. ദക്ഷിണ മുംബൈയിലെ ബോറിവാലിയിലാണ് യുവതി വന്‍ സൈബര്‍ തട്ടിപ്പിന് ഇരയായത്.
സംഭവത്തെ തുടര്‍ന്ന് 26-കാരിയായ യുവതി പോലീസില്‍ പരാതി നല്കി. ഓണ്‍ലൈന്‍ സ്ഥാപനത്തില്‍ നിന്നും യുവതി 1,100 രൂപയുടെ സാരിയാണ് ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ കേടുപാടുകള്‍ സംഭവിച്ച സാരിയാണ് യുവതിക്ക് ലഭിച്ചത്. ഇതോടെ സാരിയുടെ പണം തിരികെ കിട്ടാന്‍ ഓണ്‍ലൈന്‍ സ്ഥാപനത്തിന്റെ കസ്റ്റമര്‍ കെയറുമായി ബന്ധപ്പെട്ടു.
പണം തിരികെ ലഭിക്കുന്നതിനായി ബാങ്ക് അക്കൗണ്ട് നമ്പറും ഐഎഫ്എസ്സി കോഡും നല്‍കണമെന്ന് ഫോണില്‍ സംസാരിച്ച സ്ത്രീ ആവശ്യപ്പെട്ടു. ഇതനുസരിച്ച് അക്കൗണ്ട് വിവരങ്ങള്‍ അയച്ചു കൊടുക്കുകയായിരുന്നു.
മാര്‍ച്ച് 25-ന് 75,000 രൂപ പിന്‍വലിച്ചതായി ബാങ്കില്‍ നിന്നുളള സന്ദേശം ലഭിക്കുമ്പോഴാണ് തട്ടിപ്പിനിരയായ വിവരം യുവതി അറിയുന്നത്. എടിഎം മുഖേനയാണ് പണം പിന്‍വലിച്ചിരിക്കുന്നതെന്നാണ് ബാങ്ക് അയച്ച മൊബൈല്‍ സന്ദേശത്തിലുള്ളത്. യുവതിയുടെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.