വിശാഖപട്ടണം: രാഹുല്‍ ഗാന്ധി ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി കോണ്‍ഗ്രസ് സഖ്യത്തിന് വിസമ്മതിച്ചെന്ന് അരവിന്ദ് കെജരിവാള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അധ്യക്ഷനെ കണ്ടിരുന്നുവെന്നും അദ്ദേഹം സഖ്യത്തിന് വിസമ്മതിച്ചെന്നുമാണ് കെജരിവാള്‍ പറഞ്ഞത്.
ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷ ഷീലാ ദിക്ഷിതിന്റെ കെജരിവാളുമായി ഒരു സഖ്യത്തിനും തങ്ങളില്ലെന്ന പരമാര്‍ശത്തെ സംബന്ധിച്ചുള്ള ചോദ്യത്തിന് കെജരിവാളിന്റെ മറുപടി അവര്‍ പ്രധാനപ്പെട്ട നേതാവല്ലെന്നായിരുന്നു. തങ്ങള്‍ രാഹുല്‍ ഗാന്ധിയുമായിട്ടാണ് ചര്‍ച്ച നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ഡല്‍ഹിയില്‍ ബിജെപി അധികാരത്തില്‍ വരുന്നത് തടയാന്‍ സഖ്യം അനിവാര്യമാണെന്ന് കെജരിവാള്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ സഖ്യത്തോട് ഒരു തരത്തിലും കോണ്‍ഗ്രസ് ഡല്‍ഹി യൂണിറ്റ് താത്പര്യം കാണിച്ചിരുന്നില്ല. സഖ്യത്തെ ഏറ്റവും കൂടുതല്‍ എതിര്‍ത്തിരുന്നത് പിസിസി അധ്യക്ഷ ഷീലാ ദിക്ഷിതാണ്. സഖ്യത്തില്‍ കെജരിവാള്‍ നല്കുന്ന രണ്ടോ മൂന്നോ സീറ്റ് പാര്‍ട്ടിക്ക് ഒരു ഗുണവും നല്‍കില്ലെന്നാണ് അവര്‍ പറയുന്നത്.
ഈ സഖ്യത്തിന് രാഹുല്‍ ഗാന്ധിക്കും സമ്മതമല്ല എന്നാണ് ഇപ്പോള്‍ കെജരിവാള്‍ അറിയിച്ചിരിക്കുന്നത്. 2014ല്‍ ഡല്‍ഹിയിലെ ഏഴ് സീറ്റുകളും ബിജെപിക്ക് ലഭിച്ചിരുന്നു. കോണ്‍ഗ്രസ്- എഎപി സഖ്യമില്ലാതെ മത്സരിച്ചാല്‍ ഇത്തവണയും ബിജെപിക്ക് നേട്ടമുണ്ടാകുമെന്നാണ് സര്‍വേ റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത്.