ശ്രീഹരിക്കോട്ട: ചരിത്ര ദൗത്യവുമായി ഇന്ത്യ പിഎസ്എല്‍വി-സി45 വിക്ഷേപിച്ചു. എമിസാറ്റ് ഉള്‍പ്പെടെയുള്ള 29 ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്. ശത്രു രാജ്യങ്ങളുടെ റഡാര്‍ കണ്ടു പിടിക്കാനുള്ള പ്രത്യേക ഉപഗ്രഹമാണ് എമിസാറ്റ്. 436 കിലോഗ്രാം ഭാരമുള്ള എമിസാറ്റിനെ 749 കിലോമീറ്റര്‍ ഉയരെയുള്ള ഭ്രമണപഥത്തിലേക്കാണ് എത്തിക്കുക.
തിങ്കളാഴ്ച രാവിലെ 9.30 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ബഹിരാകാശകേന്ദ്രത്തില്‍ നിന്നാണ് വിക്ഷേപണം നടത്തിയത്. ഇന്ത്യയുടെ എമിസാറ്റ്, അമേരിക്കയില്‍ നിന്നുള്ള 20 ഉപഗ്രഹങ്ങള്‍ ലിത്വാനിയയില്‍ നിന്നുള്ള രണ്ട് ഉപഗ്രഹങ്ങള്‍, സ്വിറ്റ്സര്‍ലന്‍ഡ്, സ്പെയിന് എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോ ഉപഗ്രഹം എന്നിവയെയാണ് ഭ്രമണപഥത്തിലെത്തിച്ചത്.
504 കലോമീറ്ററാണ് ഈ ഭ്രമണപഥത്തിലേക്ക് ഭൂമിയില്‍ നിന്നുള്ള ദൂരം. തുടര്‍ന്ന് മറ്റൊരു ഭ്രമണപഥത്തില്‍ അതായത് ഭൂമിയില്‍ നിന്ന് 485 കിലോമീറ്റര്‍ അകലെ റോക്കറ്റിന്റെ അവശേഷിച്ച ഭാഗം നിലയുറപ്പിക്കും.
ചുരുക്കത്തില്‍ ഒറ്റ വിക്ഷേപണത്തില്‍ മൂന്ന് ഭ്രമണപഥങ്ങളില്‍ ഉപഗ്രഹങ്ങളെ എത്തിക്കുക എന്ന ചരിത്രപരമായ ദൗത്യമാണ് പിഎസ്എല്‍വി സി 45 വിക്ഷേപണത്തിലൂടെ ഐഎസ്ആര്‍ഒ ഏറ്റെടുത്തിരിക്കുന്നത്.