വിജയവാഡ: ആന്ധ്രാപ്രദേശിന്റെ ദീര്‍ഘ നാളുകളായുള്ള ആവശ്യമായ പ്രത്യേക സംസ്ഥാന പദവി കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ നല്‍കുമെന്ന് രാഹുല്‍ ഗാന്ധി. വിജയവാഡയിലെ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.
കോണ്‍ഗ്രസ് ദാരിദ്ര്യത്തിനെതിരെ സര്‍ജിക്കല്‍ സ്ട്രൈക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. ദാരിദ്രം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനുള്ള പദ്ധതിയാണ് ന്യായ്. ദരിദ്രരെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ആയുധമാണ് മിനിമം വേതന പദ്ധതിയെന്നും രാഹുല്‍ പറഞ്ഞു.
മോഡിക്കെതിരെയും രാഹുല്‍ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചു. യുപിഎ സര്‍ക്കാര്‍ ദാരിദ്ര്യനിര്‍മാര്‍ജന പദ്ധതി രൂപീകരിച്ചു. എന്നാല്‍ മോഡി ഇത്തരത്തിലുള്ള എല്ലാ പദ്ധതികളും നശിപ്പിച്ചു. ഭക്ഷ്യസുരക്ഷാ പദ്ധതിയും മോഡി അട്ടിമറിച്ചെന്ന് രാഹുല്‍ ആരോപിച്ചു.
ലോക്സഭ-നിയമസഭ തെരഞ്ഞെടുപ്പുകള്‍ നടക്കുന്ന ആന്ധ്രയില്‍ രാഹുലിന്റെ ആദ്യത്തെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയായിരുന്നു വിജയവാഡയില്‍ നടന്നത്.