ആന്ധ്രാപ്രദേശിലെ അരികു ലോക്സഭാ മണ്ഡലത്തെ ശ്രദ്ധേയമാക്കുന്നത് ഒരച്ഛനും മകളും തമ്മിലുള്ള കടുത്ത പോരാട്ടമാണ്. ഇവിടെ രണ്ടു പേരും ഒരേ സീറ്റുനു വേണ്ടിയാണ് പോരാട്ടത്തിന് ഒരുങ്ങുന്നത്. തെലുങ്ക് ദേശം പാര്‍ട്ടിക്ക് വേണ്ടി അച്ഛനും കോണ്‍ഗ്രസിനു വേണ്ടി മകളും തെരഞ്ഞെടുപ്പ് കളത്തിലിറങ്ങുമ്പോള്‍ ഫലം എന്താണെന്ന് പ്രവചിക്കാന്‍ കഴിയില്ലെന്ന് അരികുവിലെ ജനങ്ങള്‍ പറയുന്നു.
അഞ്ച് തവണ ലോക്സഭാംഗമായിട്ടുള്ള കിഷോര്‍ ചന്ദ്രദേവ് രണ്ട് തവണ മന്ത്രിയായിട്ടുണ്ട്. കോണ്‍ഗ്രസ് വിട്ട് തെലുങ്ക് ദേശം പാര്‍ട്ടിയിലെത്തിയത് കഴിഞ്ഞ ഫെബ്രുവരിയിലാണ്. എന്നാല്‍ കിഷോര്‍ ചന്ദ്രദേവിന്റെ കൂറുമാറ്റത്തിന് കോണ്‍ഗ്രസ് മറുപടി പറഞ്ഞത് അദ്ദേഹത്തിന്റെ മകളെ സ്ഥാനാര്‍ത്ഥിയാക്കിക്കൊണ്ടായിരുന്നു. അച്ഛന് പാര്‍ട്ടി മാറും മുമ്പേ താന്‍ മത്സരിക്കാന്‍ തീരുമാനിച്ചിരുന്നെന്ന് പറയുന്നു ശ്രുതി ദേവി.
1998 മുതല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകയായ ശ്രുതി ഡല്‍ഹിയില്‍ അഭിഭാഷകയാണ്. അറിയപ്പെടുന്ന സാമൂഹ്യപ്രവര്‍ത്തകയുമാണ്. സ്ത്രീസമത്വവും ലിംഗനീതിയുമൊക്കെ പ്രചാരണായുധമാക്കിയാണ് ശ്രുതിയുടെ പോരാട്ടം. നോട്ട് നിരോധനവും ജിഎസ്ടിയുമെല്ലാം തെരഞ്ഞെടുപ്പ് പ്രചാരണ വിഷയങ്ങളാണ്.