ന്യൂഡല്‍ഹി: മദ്യവ്യവസായിയും കിങ്ങ്ഫിഷര്‍ ഉടമയുമായിരുന്ന വിജയ് മല്യ കേന്ദ്രസര്‍ക്കാരിനെതിരെ വീണ്ടും വിമര്‍ശനവുമായി രംഗത്ത്. താന്‍ ഇന്ത്യയില്‍ നിന്നും ഒളിച്ചോടിപ്പോയെന്ന തരത്തില്‍ ബിജെപി പ്രചരിപ്പിക്കുന്നത് 1992 മുതല്‍ യുകെയില്‍ താമസിക്കുന്ന ആളാണ് താനെന്ന വസ്തുത മറച്ചുവെച്ചാണെന്ന് വിജയ് മല്യ പറയുന്നു.
താന്‍ ബാങ്കുകള്‍ക്ക് നല്കാനുണ്ടായിരുന്നത് 9000 കോടി രൂപയാണെന്നും എന്നാല്‍ 14000 കോടി രൂപ വിലവരുന്ന തന്റെ വസ്തുവകകള്‍ സര്‍ക്കാര്‍ കണ്ടുകെട്ടിക്കഴിഞ്ഞുവെന്നും മല്യ പറഞ്ഞു. ഉന്നത കേന്ദ്രങ്ങള്‍ തന്നെ അത് അംഗീകരിക്കുന്നുവെന്നും എന്നിട്ടും താന്‍ പണംതട്ടിപ്പ് നടത്തി ഇന്ത്യയില്‍ നിന്ന് ഒളിച്ചോടിയെന്ന് ബിജെപിയുടെ വക്താവ് തന്നെ പ്രചരിപ്പിക്കുകയാണെന്നും വിജയ് മല്യ കുറ്റപ്പെടുത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെ അദ്ദേഹത്തിന്റെ അഭിമുഖങ്ങളില്‍ ബാങ്കുകളില്‍ നിന്നും താനെടുത്ത വായ്പ തുകയേക്കാള്‍ കൂടുതല്‍ തുക തന്നില്‍ നിന്നും ഈടാക്കിയെന്ന് വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ടെന്നും വിജയ് മല്യ പറഞ്ഞു. താന്‍ ഒളിച്ചോടിപ്പോയെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ എന്തിന് വേണ്ടിയാണെന്ന് അറിയില്ലെന്നും മല്യ കൂട്ടിച്ചേര്‍ത്തു.