മുംബൈ: പിഎം നരേന്ദ്ര മോഡി സിനിമയ്ക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജീവിത കഥ പറയുന്ന വെബ് പരമ്പരയും വരുന്നു. ‘മോഡി: ജേണി ഓഫ് എ കോമണ്‍ മാന്‍’ എന്നു പേരിട്ടിരിക്കുന്ന വെബ് പരമ്പര ഉമേഷ് ശുക്ലയാണ് സംവിധാനം ചെയ്യുന്നത്.
സിനിമയും വെബ് പരമ്പരയും ഇറക്കുന്നതിലൂടെ തെരഞ്ഞെടുപ്പ് കാലത്ത് ഏറെ ഗുണം ചെയ്യുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. പ്രധാനമന്തിയുടെ പരിപാടികള്‍ കാണാനായി ‘നമോ ടിവി’ എന്ന യുട്യൂബ് ചാനലും പുറത്തിറക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ഇതിന് പുറമെയാണ് മോഡിയുടെ വീരകഥ പറയുന്ന വെബ് പരമ്പരയും വരുന്നത്.
പത്ത് ഭാഗങ്ങളായായിരിക്കും വെബ് പരമ്പര. മോഡിയുടെ കുട്ടിക്കാലം മുതല്‍ പ്രധാനമന്ത്രി പദം വരെയുള്ള ജീവിതം ഇതില്‍ ചിത്രീകരിക്കും. സെന്‍സര്‍ ബോര്‍ഡ് അംഗമായ മിഹിര്‍ ഭൂട്ടായും രാധിക ആനന്ദും ചേര്‍ന്നാണ് ഇതിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഫൈസല്‍ ഖാന്, ആഷിഷ് ശര്‍മ, മഹേഷ് ഠാക്കൂര്‍ എന്നിവരാണ് സിനിമയില്‍ പല കാലങ്ങളിലുള്ള മോഡിയുടെ വേഷമിടുന്നത്.
‘ഇറോസ് നൗ’ വെബ്സൈറ്റിലാണ് ഈ വെബ് പരമ്പര സംപ്രേഷണം ചെയ്യുന്നത്. തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം വെബ് പരമ്പരയ്ക്കു ബാധകമാണോ എന്നറിയില്ലെന്നാണ് സംവിധായകന് ഉമേഷ് ശുക്ല പറയുന്നത്. എന്നിരുന്നാലും വെബ് പരമ്പര ഏപ്രിലില്‍ തന്നെ പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നത്. വിവേക് ഒബേ്റോയിയെ നായകനാക്കി ഒമംഗ് കുമാര്‍ സംവിധാനം ചെയ്ത ‘പി.എം. നരേന്ദ്ര മോഡി’ എന്ന സിനിമയുടെ പേരില്‍ ബോംബെ ഹൈക്കോടതി തെരഞ്ഞെടുപ്പു കമ്മിഷന് നോട്ടീസ് അയച്ചിരിക്കുകയാണ്.