ന്യൂഡല്‍ഹി: ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈലിനെ കുറിച്ച് പ്രഖ്യാപനം നടത്തിയ പ്രധാനമന്ത്രിക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. ‘ഉപഗ്രഹങ്ങളെ അക്രമിച്ച് വീഴ്ത്താനുള്ള വിദ്യ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഉണ്ടെന്നും വിവേകമുള്ള സര്‍ക്കാര്‍ തങ്ങളുടെ ശക്തി രഹസ്യമാക്കി വെക്കും. മണ്ടന്‍ സര്‍ക്കാര്‍ മാത്രമേ പ്രതിരോധ രഹസ്യങ്ങള്‍ പുറത്തു വിടുകയുള്ളൂവെന്നും’ ചിദംബരം പറഞ്ഞു.
കഴിഞ്ഞ ബുധനാഴ്ച്ചയാണ് ഉപഗ്രഹവേധ മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. തുടര്‍ന്ന് നടത്തിയ അഭിസംബോധനയില്‍ ഉപഗ്രഹത്തെ ആക്രമിച്ചു വീഴ്ത്തുന്ന മിസൈലാണ് ഇന്ത്യ പരീക്ഷിച്ചതെന്നും മോഡി പറഞ്ഞിരുന്നു.