ലഖ്നൗ:ദേശീയ രാഷ്ട്രീയത്തില്‍ ഏറെ ശ്രദ്ധേയയായ വനിതാ നേതാവിന് പാചകം ചെയ്യാനാറിയാമോ? ആകാംഷയോടെ ഒരു വിദ്യാര്‍ത്ഥിനി പ്രിയങ്കാ ഗാന്ധിയോട് ചോദിച്ച ചോദ്യമാണിത്. 15ാം വയസ്സു മുതല്‍ പാചകം ചെയ്യാറുണ്ടെന്നും പാചകം ചെയ്യാന്‍ ഒത്തിരി ഇഷ്ടമാണെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ചെറു പുഞ്ചിരിയോടെ വിദ്യാര്‍ത്ഥിനിക്ക് മറുപടിയും നല്കി.
ഫൈസാബാദിലെ സണ്‍ബീം സ്കൂളിലെ വിദ്യാര്‍ത്ഥികളുമായി സംവദിക്കുന്നതിനിടെയായിരുന്നു ഒരു വിദ്യാര്‍ത്ഥിനിയില്‍ നിന്നും പാചകത്തെക്കുറിച്ചുള്ള ചോദ്യമുയര്‍ന്നത്. ‘ഞാന്‍ നല്ലൊരു പാചകക്കാരിയാണ്. 15-ാം വയസ്സ് മുതല്‍ പാചകം ചെയ്യാന്‍ തുടങ്ങി. ഇറ്റാലിയന്‍, തായ് വിഭവങ്ങള്‍ തയ്യാറാക്കാനാണ് ഏറെ ഇഷ്ടം. എപ്പോള്‍ വീട്ടിലെത്തിയാലും അടുക്കളയില്‍ ചെലവഴിക്കുന്ന സമയം ഞാന്‍ ഏറെ ആസ്വദിക്കുന്നു. പാചകം ചെയ്യാന്‍ എനിക്ക് ഏറെ ഇഷ്ടമാണ്- എന്നായിരുന്നു പ്രിയങ്കാ ഗാന്ധി ചോദ്യത്തിന് നല്കിയ മറുപടി.
പാചക വിവരങ്ങള്‍ ആരാഞ്ഞതിന് പുറമെ ഭാവി ഇന്ത്യയെക്കുറിച്ചുള്ള സ്വപ്നം എന്താണെന്നും വിദ്യാര്‍ത്ഥികളില്‍ നിന്ന് ചോദ്യം ഉയര്‍ന്നു. നിങ്ങളെപ്പോലെയുള്ള ചെറുപ്പക്കാര്‍ അവര്‍ക്ക് ആവശ്യമുള്ളതെല്ലാം നേടിയെടുക്കുന്നതാണ് തന്റെ സ്വപ്നമെന്നും നിങ്ങളുടെ മതത്തെ ചോദ്യംചെയ്യപ്പെടാത്ത ഇന്ത്യയെയാണ് എനിക്ക് കാണേണ്ടതെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു.