ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ സൈനികര്‍ക്ക് ലഭിക്കുന്നത് മോശം ഭക്ഷണമാണെന്ന് വ്യക്തമാക്കിക്കൊണ്ട് ഫേസ്ബുക്കില്‍ വീഡിയോ ഷെയര്‍ ചെയ്തതിന് ബിഎസ്എഫ് പുറത്താക്കിയ സൈനികന് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ വാരണാസില് മത്സരിക്കും. ഹരിയാനയിലെ റെവാരി സ്വദേശിയായ തേജ് ബഹദൂര്‍ യാദവാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രിക്കെതിരെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.
നിരവധി പാര്‍ട്ടി പ്രവര്‍ത്തകര്‍ മത്സരിക്കണമെന്ന ആവശ്യവുമായി തന്നെ സമീപിച്ചെന്നും, പക്ഷേ, താന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് മത്സരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. ജയിക്കുകയോ തോല്‍ക്കുകയോ എന്നതല്ല തന്റെ ലക്ഷ്യം. സൈനിക വിഭാഗങ്ങളെ പ്രത്യേകിച്ച് അര്‍ധ സൈനിക വിഭാഗങ്ങളെ ഈ സര്‍ക്കാര്‍ എങ്ങനെ തകര്‍ത്തുവെന്ന് തെളിയിക്കാനാണ് ശ്രമം അദ്ദേഹം പറഞ്ഞു.
ജവാന്മാരുടെ പേരിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി വോട്ട് ചോദിക്കുന്നത്. എന്നാല്‍, അവര്‍ക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നുള്ളതാണ് സത്യം. പുല്‍വാമയില്‍ അടുത്തയിടെ വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന്മാര്ക്ക് ഇതുവരെ രക്തസാക്ഷികള്‍ എന്ന പരിഗണന പോലും സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതിര്‍ത്തിയിലെ സൈനികര്‍ക്ക് ലഭിക്കുന്നത് മോശം ഭക്ഷണമാണെന്ന് വ്യക്തമാക്കിക്കൊണ്ട് ഫേസ്ബുക്കില്‍ വീഡിയോ ഷെയര്‍ ചെയ്തതിനെ തുടര്‍ന്ന് 2017ലാണ് തേജിനെ ബിഎസ്എഫ് പുറത്താക്കുന്നത്.