നോയിഡ: ബിയറിന് 10 രൂപ അധികം വാങ്ങിയെന്നാരോപിച്ച് യുപിയില്‍ മദ്യശാലാ ജീവനക്കാരനെ വെടിവെച്ച് കൊന്നു. മൂന്ന് പേര് ചേര്‍ന്നാണ് കുല്‍ദീപ് നാഗര്‍ എന്ന 25കാരനെ കൊലപ്പെടുത്തിയത്. നോയിഡയിലെ ഏച്ഛാര് ഗ്രാമത്തില്‍ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. അക്രമികള്‍ മൂന്ന് പേരും ഒളിവിലാണ്.
മദ്യം വാങ്ങാനെത്തിയ സംഘം ബിയര്‍ ബോട്ടിലിന്റെ മുകളിലുളള വിലയിലും കൂടുതലായി 10 രൂപ വാങ്ങിയെന്ന് പറഞ്ഞ് കുല്‍ദീപുമായി തര്‍ക്കിച്ചു. ഇതിനിടെ പ്രതികളില്‍ ഒരാളായ സുരേന്ദ്ര തോക്കെടുത്ത് കുല്‍ദീപിന് നേരെ നാല് വട്ടം വെടിവെച്ചു. രണ്ട് ഉണ്ടകള്‍ കുല്‍ദീപിന്റെ ദേഹത്ത് കൊണ്ടു. ഉടന്‍ തന്നെ അക്രമികള്‍ സ്ഥലം വിടുകയും ചെയ്തു.
കുല്‍ദീപിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അക്രമികള്‍ മദ്യപിച്ചായിരുന്നു എത്തിയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.