ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിനായി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് നാമനിര്‍ദേശ പത്രിക കൊടുത്തു തുടങ്ങിയിട്ടും വയനാട് സീറ്റിനെ ചൊല്ലി കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ നടക്കുന്നതേയുള്ളൂ. വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലിയുള്ള ചര്‍ച്ചകളാണ് തീരുമാനം വൈകാന്‍ കാരണം.
എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം, വയനാട് സീറ്റില്‍ രാഹുല്‍ ഗാന്ധി മത്സരിച്ചില്ലെങ്കില്‍ പകരം സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധി എത്തിയേക്കുമെന്നാണ് സൂചന. എല്ലാ സീറ്റിലും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചെങ്കിലും വയനാട് മാത്രം ഒഴിച്ചിട്ടിരിക്കുന്നത് ഇത്തരമൊരു സാധ്യത കൂടി പരിഗണിക്കാനാണെന്നാണ് റിപ്പോര്‍ട്ട്.
ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന ചില മലയാളി നേതാക്കന്മാര് ഇക്കാര്യം ഹൈക്കമാന്‍ഡിന് മുന്നില്‍ വച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോഡി ദക്ഷിണേന്ത്യയില്‍ മത്സരിക്കുന്ന സാഹചര്യമുണ്ടായാല്‍ കോണ്‍ഗ്രസിന് വേണ്ടി രാഹുലോ പ്രിയങ്കയോ തന്നെ രംഗത്തിറങ്ങണമെന്നാണ് ഇവരുടെ ആവശ്യം. ഒരു പക്ഷേ ഇത് സംബന്ധിച്ച പ്രഖ്യാപനം അവസാന നിമിഷം മാത്രമേ ഉണ്ടാകൂ എന്നാണ് ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ നല്കുന്ന സൂചന.
അതേസമയം, രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങളാണ് കേരള നേതാക്കളില്‍ നിന്നും ഉയരുന്നത്. രാഹുല്‍ കേരളത്തില്‍ മത്സരിക്കാതിരിക്കാന്‍ ഡല്‍ഹിയില്‍ ചില പ്രസ്ഥാനങ്ങള്‍ ശ്രമിക്കുന്നുണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രന് പ്രതികരിച്ചിരുന്നു.