ന്യൂഡല്‍ഹി: ഓരോ ലോക്സഭാ മണ്ഡലത്തിലെയും 50 ശതമാനം വിവി പാറ്റ് രസീതുകള്‍ എണ്ണുന്നതിനെതിരെ എതിര്‍പ്പ് പ്രകടിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്. 50% എണ്ണിയാല്‍ വോട്ടെണ്ണല്‍ 6 ദിവസം നീളുമെന്നു തിരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ് മൂലത്തില്‍ വ്യക്തമാക്കി.
ഒരു അസംബ്ലി മണ്ഡലത്തിലെ ഒരു ബൂത്തിലെ വിവി പാറ്റ് രസീതുകള്‍ എണ്ണുന്ന നിലവിലെ രീതി പ്രയോഗികമെന്നും കമ്മീഷന് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷനു വേണ്ടി ഡെപ്യുട്ടി തെരെഞ്ഞെടുപ്പ് കമ്മീഷണര്‍ സുദീപ് ജയിനാണ് സുപ്രീംകോടതിയില്‍ സത്യവാങ് മൂലം സമര്‍പ്പിച്ചത്.
ഓരോ ലോക്സഭാ മണ്ഡലത്തിലെയും 50 ശതമാനം വിവി പാറ്റ് രസീതുകള്‍ എണ്ണാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് 21 പ്രതിപക്ഷ പാര്‍ട്ടികളാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി ഏപ്രില്‍ ഒന്നിന് വീണ്ടും പരിഗണിക്കും.