ന്യൂഡല്‍ഹി: 30 വര്‍ഷത്തോളം പലതും സഹിച്ച രാജ്യത്തെ ജനങ്ങള്‍ കഴിഞ്ഞ അഞ്ചു വര്‍ഷം ശരിക്കും ആഘോഷിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. വരുന്ന തെരഞ്ഞെടുപ്പില്‍ ഇതാണ് തനിക്ക് ആത്മവിശ്വാസം നല്‍കുന്നതെന്നും നരേന്ദ്രമോഡി കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയും ബിജെപിയും കൂടുതല്‍ സീറ്റുകള്‍ നേടി അധികാരത്തില്‍ വരുമെന്നും വന്‍ഭൂരിപക്ഷം ലഭിക്കുമെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. റിപ്പബ്ലിക്ക് ഭാരത് ടിവിയില്‍ അര്‍ണബ് ഗോസ്വാമിയുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
മിഷന് ശക്തിയുടെ പ്രഖ്യാപനം മുന്‍കൂട്ടി തീരുമാനിച്ചതല്ലെന്നും പരീക്ഷണം വിജയകരമായതിനുശേഷമാണ് അക്കാര്യം രാജ്യത്തെ അറിയിക്കാന്‍ തീരുമാനിച്ചതെന്നും മോഡി വ്യക്തമാക്കി.
കാവല്ക്കാരന് എന്നത് വാക്കുകളില്‍ മാത്രമല്ലെന്നും അത് മനസിലും പ്രവര്‍ത്തിയിലും ഉള്‍ക്കൊണ്ടാലേ രാജ്യത്തിന്റെ സുരക്ഷ ഉറപ്പുവരുത്താനാകൂവെന്നും പ്രധാനമന്ത്രി പറഞ്ഞു. കാവല്ക്കാരന് എന്ന വാക്ക് 2011-12 തിരഞ്ഞെടുപ്പിലും താന്‍ ഉപയോഗിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
ബാലാകോട്ട് വ്യോമാക്രമണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു. ‘അത് തന്റെ ശൈലിയാണെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ആര്‍ക്കും തന്റെ രാജ്യസ്നേഹത്തെ ചോദ്യം ചെയ്യാനാകില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം ബാലകോട്ട്, പുല്‍വാമ ആക്രമണങ്ങളില്‍ വ്യക്തിപരമായി ആക്ഷേപമുന്നയിക്കുന്ന പ്രതിപക്ഷത്തെയും വിമര്‍ശിച്ചു.