ന്യൂഡല്‍ഹി: ട്രോളുകള്‍ ഉണ്ടാക്കാനായി ചെലവഴിക്കുന്ന പണം രാജ്യത്തിനായി ചെലവഴിച്ചിരുന്നെങ്കില്‍ ചുറ്റിലും ഇത് ദൃശ്യമായേനെയെന്ന് ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച് നടിയും കോണ്‍ഗ്രസ് നേതാവുമായ ഊര്‍മിള രംഗത്ത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി ഇന്ത്യയില്‍ വളരുന്നത് വിദ്വേഷത്തിന്റെ രാഷ്ട്രീയമാണെന്നും ഊര്‍മിള പറഞ്ഞു.
മറ്റുള്ളവരെ അധിക്ഷേപിക്കുന്നതിനായി വന്‍തുക ചെലവിട്ടാണ് ട്രോളുകള്‍ ഉണ്ടാക്കുന്നത്. ഈ തുക രാജ്യത്തിന്റെ വികസനത്തിനായി ഉപയോഗിച്ചിരുന്നെങ്കില്‍ ചുറ്റിലും അത് ദൃശ്യമായേനെയെന്ന് ബിജെപിയെ ഉദ്ദേശിച്ച് ഊര്‍മിള പറഞ്ഞു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പ്രമുഖര്‍, മാധ്യമപ്രവര്‍ത്തകര്‍, താരങ്ങള്‍ തുടങ്ങിയവരെ ലക്ഷ്യം വെച്ചുളള നിരവധി ട്രോളുകളാണ് വന്നതെന്നും ഇത് നിരന്തരം വിമര്‍ശിക്കപ്പെടുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പല ട്രോളുകളും ഭീഷണിയുടെയും അധിക്ഷേപത്തിന്റെയും രൂപത്തിലാണെന്നും മാധ്യമ സാമൂഹ്യപ്രവര്ത്തനമേഖലകളില് സജീവമായി ഇടപെടുന്ന നിരവധി സ്ത്രീകള്‍ക്ക് നേരെ ബലാത്സംഗ, വധ ഭീഷണികള്‍ മുഴക്കുകയുണ്ടായതായും ഊര്‍മിള വ്യക്തമാക്കി. വര്‍ഷങ്ങളായി ഇന്ത്യയില്‍ വളര്‍ന്ന് കൊണ്ടിരിക്കുന്നത് വിദ്വേഷത്തിന്റെ രാഷ്ട്രീയമാണെന്നും ഇത് തടയേണ്ടത് അനിവാര്യമാണെന്നും ഊര്‍മിള പറഞ്ഞു. കഴിഞ്ഞദിവസമാണ് ഊര്‍മിള കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലായിരുന്നു ഊര്‍മിളയുടെ പാര്‍ട്ടി പ്രവേശനം.