ന്യൂഡല്‍ഹി; മലയാളി അഭിഭാഷകന് മാത്യുസ് നെടുമ്പാറയ്ക്ക് സുപ്രീംകോടതിയില്‍ ഹാജരാകുന്നതിന് ഒരു വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തി സുപ്രീംകോടതി. ജസ്റ്റിസ് രോഹിന്‍ടണ്‍ നരിമാന് സുപ്രീംകോടതി ജഡ്ജിയായിരിക്കെ അദ്ദേഹത്തിന്റെ പിതാവ് ഫാലി നരിമാന് കോടതിയില്‍ ഹാജരാകുന്നതിനെതിരായ പരാമര്‍ശവുമായി ബന്ധപ്പെട്ടാണ് കോടതിയലക്ഷ്യം.
ജസ്റ്റിസ് റോഹിങ്ടന്‍ നരിമാന്, ജസ്റ്റിസ് വിനീത് ശരണ്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. വിലക്കിനെ കൂടാതെ കോടതി അലക്ഷ്യ ഹര്‍ജിയില്‍ മൂന്ന് മാസത്തെ തടവ് ശിക്ഷ വിധിച്ചെങ്കിലും ശിക്ഷ ഉത്തരവ് തത്കാലത്തേക്ക് മരവിപ്പിച്ചു. ഭാവിയില്‍ കോടതിയലക്ഷ്യം ആവര്‍ത്തിക്കില്ലെന്ന ഉറപ്പിന്മേലാണ് ശിക്ഷ മരവിപ്പിച്ചത്.
സുപ്രീംകോടതിയിലെയോ ബോംബെ ഹൈകോടതിയിലെയോ ജഡ്ജിമാര്‍ക്ക് എതിരെ അനാവശ്യ ആരോപണങ്ങള്‍ ഉന്നയിക്കില്ല എന്ന ഉറപ്പ് ലംഘിച്ചാല്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
സുപ്രീം കോടതി ജഡ്ജിമാര്‍ക്ക് എതിരെ ആരോപണം ഉന്നയിച്ചതിന് മാത്യൂസ് നെടുമ്പാറ ഉള്‍പ്പടെ മൂന്ന് അഭിഭാഷകര്‍ക്ക് എതിരായ ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് രൂപീകരിക്കുന്ന പുതിയ ബെഞ്ച് കേള്‍ക്കും.