ന്യൂഡല്‍ഹി: ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി ലഭിച്ചാല്‍ ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയില്‍ വളര്‍ച്ചയുണ്ടാകുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ആം അദ്മി പാര്‍ട്ടി സഖ്യത്തിന് തടസം നില്ക്കുന്ന മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിതിനെതിരെ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷീല ദീക്ഷിത് ശരിയായി ഭരണം നടത്തിയിരുന്നെങ്കില്‍ തനിക്ക് പുതിയ പാര്‍ട്ടി രൂപീകരിക്കേണ്ടി വരില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ഡല്‍ഹിക്ക് സംസ്ഥാന പദവിയില്ലാതെ ഷീല ദീക്ഷിത് ഭരണം നടത്തിയില്ലെ, നിങ്ങള്‍ക്കും അത്തരത്തില്‍ ഭരണം നടത്താന്‍ കഴിയില്ലെ എന്ന് ചിലര്‍ ചോദിക്കാറുണ്ട്. അവരോട് കെജരിവാളിന്റെ മറുപടി ഇങ്ങനെ, അവര്‍ നന്നായി ഭരണം നടത്തിയെങ്കില്‍ പിന്നെ എന്തിനാണ് ഞങ്ങളെ തെരഞ്ഞെടുത്തത്? എന്തിനാണ് ആം ആദ്മി പാര്‍ട്ടിക്ക് ജനങ്ങള്‍ വോട്ട് ചെയ്തത്? രാജ്യം 70 വര്‍ഷം നിങ്ങളുടെ ഭരണത്തിന് കീഴിലായിരുന്നു. നിങ്ങള്‍ മികച്ച ഭരണം കാഴ്ചവച്ചിരുന്നെങ്കില്‍ ആം ആദ്മി പാര്‍ട്ടി ഉണ്ടാകില്ലായിരുന്നുവെന്നും കെജരിവാള്‍ പറഞ്ഞു.