ന്യൂഡല്‍ഹി: ഒട്ടേറെ വിനോദസഞ്ചാര മേഖലകള്‍ ഉളള രാജ്യമാണ് ഇന്ത്യ. ആകര്‍ഷകങ്ങളായ നഗരങ്ങളും, ചരിത്ര സ്മാരകങ്ങളും, രുചികരമായ ഭക്ഷണവും, മനോഹരമായ പ്രകൃതിദൃശ്യങ്ങളുമൊക്കെയാണ് വിദേശ വിനോദസഞ്ചാരികളെ പ്രധാനമായും ഇങ്ങോട്ടേക്ക് ആകര്‍ഷിക്കുന്നത്.
എന്നാല്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ വലിയൊരു വിനോദസഞ്ചാര സാധ്യത കണ്ടെത്തിയിരിക്കുകയാണ് ഇന്ത്യന്‍ ടൂറിസ്റ്റു കമ്പനികള്‍. 900 മില്യണ്‍ വോട്ടര്‍മാരുള്ള ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. അതുകൊണ്ട് തന്നെ നമ്മുടെ രാജ്യത്തെ തെരഞ്ഞെടുപ്പ് ഉത്സവ സമാനമായിരിക്കും.
സ്ഥാനാര്‍ത്ഥിയെ കാണാനും രാഷ്ട്രീയ റാലിയില്‍ പങ്കെടുക്കാനും വിദേശ വിനോദസഞ്ചാരികള്‍ക്കുള്ള താല്‍പ്പര്യം ഉപയോഗിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ടൂറിസ്റ്റു കമ്പനികള്‍. ചില കമ്പനികള്‍ അന്താരാഷ്ട്ര സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ ഏതാനും ആഴ്ചകള്‍ നീളുന്ന ‘തെരഞ്ഞെടുപ്പ് ടൂറിസം’ പാക്കേജുകള്‍ നല്കി തുടങ്ങി. കാഴ്ച്ചകള്‍ കാണുന്നതിനൊപ്പം തെരഞ്ഞെടുപ്പ് പ്രചരണവും അടങ്ങുന്നതാണ് ഇത്തരം പാക്കേജുകള്‍.
2012 ലെ സംസ്ഥാന തെരഞ്ഞെടുപ്പിന്റെ സമയത്ത് ഗുജറാത്തില്‍ ഈ ഈ പാക്കേജുകള്‍ ആദ്യമായി പരീക്ഷിച്ചിരുന്നു. ഗുജറാത്ത് ടൂറിസം കോര്പറേഷന് സൊസൈറ്റി ചെയര്‍മാനും ‘തെരഞ്ഞെടുപ്പ് ടൂറിസം’ എന്ന ആശയം കൊണ്ടുവന്ന ആളുമായ മനീഷ് ശര്‍മ പറയുന്നത് ‘ ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് എന്നത് ഉത്സവം പോലെയാണ്’ എന്നാണ്.
ബിജെപിയുടെ നേതാക്കളായ നരേന്ദ്രമോഡി, അമിത് ഷാ, കോണ്‍ഗ്രസിന്റെ പ്രിയങ്ക ഗാന്ധി, വദ്ര എന്നിവരും തെരഞ്ഞെടുപ്പിന് വേണ്ടി നടത്തിയ റാലികളും മറ്റ് പരുപാടികളും ടുറിസ്റ്റുകള്‍ക്ക് ഏറെ താല്പ്പര്യമുളവാക്കിയതായി ശര്‍മ പറഞ്ഞു. അഹമ്മദാബാദ്-ഗുജറാത്ത് അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന 35 ഇലക്ഷന് ടൂറിസം കമ്പനികളാണ് ഉള്ളത്. ഇവയില്‍ മാത്രം പാക്കേജുകള്‍ക്കായി 3,500 ബുക്കിങ്ങാണ് ലഭിച്ചിട്ടുണ്ട്.
പാക്കേജുകളില്‍ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, രാഷ്ട്രീയ റാലികള്‍, തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളുമായുള്ള ഇടപെടലുകള്‍ തുടങ്ങിയവയാണ് ഉള്ളത്. ഇത് സാധാരണ വിനോദ സഞ്ചാരികളെ അല്ല മറിച്ച് രാഷ്ട്രീയ മേഖലയില്‍ കൂടുതല്‍ താല്‍പ്പര്യമുള്ളവരേയും രാഷ്ട്രീയ-മാധ്യമ വിദ്യാര്‍ത്ഥികളേയും ഗവേഷകരേയുമൊക്കെയാണ് കൂടുതല്‍ ലക്ഷ്യം വെക്കുന്നത്.