വാഷിംഗ്ടണ്‍: അടുത്തമാസം വിക്ഷേപണം നടക്കാനിരിക്കെ ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍-2 നാസയുടെ ശാസ്ത്രോപകരണ സഹിതമായിരിക്കും കുതിക്കുകയെന്ന് റിപ്പോര്‍ട്ട്. ചന്ദ്രനിലേക്കുള്ള കൃത്യമായ അകലം കണക്കാക്കുന്നതിന് ഗവേഷകരെ സഹായിക്കുന്നതിനായി നാസ വികസിപ്പിച്ച ലേസര്‍ റിട്രോ റിഫ്ലക്ടറുകളാണ് ചന്ദ്രയാന്‍ 2-ല്‍ ഘടിപ്പിക്കുക.
പ്രത്യേകതരം കണ്ണാടികളായ ലേസര്‍ റിട്രോ റിഫ്ലക്ടറുകള്‍ ചന്ദ്രന്റെ ഉപരിതലത്തിലുടനീളം വിന്യസിക്കാനാണ് നാസലക്ഷ്യമിടുന്നത്. ഭൂമിയില്‍നിന്നും ചന്ദ്രനിലേക്ക് അയക്കുന്ന ലേസര്‍ രശ്മി റിട്രോ റിഫ്ലക്ടറുകളില്‍ തട്ടി പ്രതിഫലിക്കുകയും ഈ പ്രകാശം പഠനവിധേയമാക്കുകയുമാണ് നാസയുടെ തീരുമാനം.
പേടകം എവിടെയാണുള്ളതെന്ന് ഇതിലൂടെ കൃത്യമായി കണക്കുകൂട്ടാം. ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലവും ഇതിലൂടെ മനസ്സിലാക്കാന്‍ സാധിക്കും. അമേരിക്കയിലെ ടെക്സസില്‍ നടന്ന ലൂണാര്‍ ആന്‍ഡ് പ്ലാനിറ്ററി സയന്‍സ് കോണ്‍ഫറന്‍സിനിടെ നാസ അധികൃതരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ചന്ദ്രയാന്‍ 2 ലക്ഷ്യസ്ഥാനത്ത് എത്തുന്നതോടെ ഈ നേട്ടം കരസ്ഥമാക്കുന്ന അഞ്ചാമത്തെ രാജ്യമായി ഇന്ത്യമാറും. 3,890 കിലോഗ്രാം ഭാരമുള്ള ചന്ദ്രയാന്‍ 2 ഏപ്രിലില്‍ ജിഎസ്എല്‍വി-എംകെ 3 റോക്കറ്റിലാണ് വിക്ഷേപിക്കുക. 800 കോടി രൂപയാണ് പദ്ധതിച്ചെലവ്.