ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര ടെലികോം മന്ത്രി സുഖ് റാമും കൊച്ചു മകന് ആശ്രയ് ശര്‍മ്മയും കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജേവാലയുടെയും ഹിമാചല്‍ പ്രദേശിന്റെ ചുമതലയുള്ള രജനി പാട്ടീലിന്റെയും സാന്നിധ്യത്തിലാണ് സുഖ് റാം കോണ്‍ഗ്രസില്‍ തിരിച്ചെത്തിയത്. ഇരുവരും ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തെത്തി രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി.
എന്റെ രാഷ്ട്രീയ ജീവിതത്തിന്റെ വലിയ ഭാഗം ചിലവിട്ടത് കോണ്‍ഗ്രസിലാണ്. അതിനാല്‍ താന്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തിയെന്ന് സുഖ് റാം പറഞ്ഞു.1993 മുതല്‍ 96 വരെ നരസിംഹറാവു മന്ത്രിസഭയിലെ ടെലികോം മന്ത്രിയായിരുന്ന സുഖ് റാം2017 ലാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.
ഹിമാചലിലെ മന്ഡി മണ്ഡലത്തില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് ബിജെപി വിടാന്‍ ആശ്രയ് ശര്‍മ്മ തീരുമാനിച്ചത്. ഇവിടെ സിറ്റിങ് എംപിയായ രാംസ്വരൂപ് ശര്‍മ്മയെ തന്നെ മത്സരിപ്പിക്കാന്‍ ബിജെപി തീരുമാനിക്കുകയായിരുന്നു. ബിജെപിയുടെ നേതൃത്വത്തിലുള്ള ഹിമാചല്‍ പ്രദേശ് സര്‍ക്കാരില്‍ കാബിനറ്റ് മന്ത്രിയാണ് ആശ്രയ് ശര്‍മ്മയുടെ പിതാവ് അനില്‍ ശര്‍മ്മ.
കോണ്‍ഗ്രസില്‍ എത്തിയതിന് പിന്നാലെ ആശ്രയ് ശര്‍മ്മ മന്‍ഡിയില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചേക്കും. പിതാവ് അനില്‍ ശര്‍മ്മയും ബിജെപി വിട്ടെക്കുമെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള വീരഭദ്ര സിങ് സര്‍ക്കാരിലും മന്ത്രിയായിരുന്നു അനില്‍ ശര്‍മ്മ.