ന്യൂഡല്‍ഹി; നരേന്ദ്രമോഡിയുടെ കഥ പറയുന്ന പിഎം നരേന്ദ്ര മോഡി എന്ന ചിത്രത്തിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ ഇടയില്‍ മോഡിയുടെ ചിത്രം തീയറ്ററുകളില്‍ എത്തുന്നത് ബിജെപിയുടെ പ്രചാരണതന്ത്രമാണെന്ന് കോണ്‍ഗ്രസ് നേതാവ് കബില്‍ സിബല്‍ വിമര്‍ശിച്ചു.
ഏപ്രില്‍ 12ന് ചിത്രം റിലീസ് ചെയ്യുന്നത് ബിജെപിയുടെ തെരഞ്ഞെടുപ്പ് നാടകമാണ്. ചിത്രത്തിന്റെ മൂന്ന് നിര്‍മ്മാതാക്കളും, നായകനും ബിജെപി അനുഭാവികളാണ്. ചിത്രത്തിന്റെ സംവിധായകന് വൈബ്രന്റ് ഗുജറാത്തില്‍ ഉള്‍പ്പെട്ടയാളാണ്. തെരഞ്ഞെടുപ്പ് ആരംഭിക്കുമ്പോള്‍ ചിത്രം റിലീസ് ആകുന്നത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്ന് കബില്‍ സിബല്‍ വ്യക്തമാക്കി. ഇക്കാര്യം വ്യക്തമാക്കി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മോഡിയുടെ കഥ പറയുന്ന സിനിമ ഏപ്രില്‍ 12നാണ് തീയറ്ററുകളില്‍ എത്തുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് ആരംഭിക്കുന്നത് ഏപ്രില്‍ 11 നാണ്. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പ് മെയ് 19 ന് അവസാനിക്കും. തെരഞ്ഞെടുപ്പ് നടക്കവേ ചിത്രം റിലീസ് ചെയ്യുന്നത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ പറയുന്നത്.
നേരത്തെ തമിഴ്നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടിയായ ഡിഎംകെയും ചിത്രത്തിനെതിരെ രംഗത്ത് വന്നിരുന്നു. ബിജെപിയുടെ തെരഞ്ഞെടുപ്പ് നാടകമാണ് ചിത്രം അതിനാല്‍ ചിത്രത്തിന്റെ റിലീസിംഗ് തീയതി മാറ്റി വയ്ക്കണമെന്നായിരുന്നു ഡിഎംകെയുടെ ആവശ്യം.
തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ ചിത്രത്തിന്റെ റിലീസ് നീട്ടി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനാത്തെ ഇലക്ഷന് ഓഫീസര്‍ക്കും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കും ഡിഎംകെ കത്തയച്ചിരുന്നു.