ലഖ്നൗ: മസൂദ് അസറിന്റെ മരുമകനാണ് ഉത്തര്‍പ്രദേശിലെ സഹരന്‍പുരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഇമ്രാന് അസറെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇമ്രാന് സംസാരിക്കുന്നത് മസൂദ് അസറിന്റെ ഭാഷയാണെന്നും ആദിത്യനാഥ് ആരോപിച്ചു.
‘മസൂദ് അസറിന്റെ മരുമകന് സഹരാന്‍പുരില്‍ വന്ന്, അയാളുടെ ഭാഷയില്‍ സംസാരിക്കുകയാണ്. മസൂദ് അസറിന്റെ ഭാഷയില്‍ സംസാരിക്കുന്ന ഒരാളെ സഹരന്‍പുരില്‍ നിന്ന് ജയിപ്പിക്കണോ, അതോ വികസനത്തിന്റെയും സുരക്ഷയുടേയും പ്രതീകമായ രാഘവ് ലഖന്പാലിനെ (ബിജെപി സ്ഥാനാര്‍ത്ഥി) ജയിപ്പിക്കണോ’- സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് റാലിക്ക് തുടക്കം കുറിച്ചു കൊണ്ട് ആദിത്യനാഥ് ചോദിച്ചു.
അതേസമയം, 2014 ലോക്സഭാ തെരഞ്ഞടെുപ്പില്‍ ഇമ്രാനെ 65,000 വോട്ടുകള്‍ക്ക് ലഖന്പാല് സഹരന്‍പുരില്‍ പരാജയപ്പെടുത്തിയിരുന്നു. തന്റെ സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെ സംസ്ഥാനത്തെ ക്രമസമാധാന നില മെച്ചപ്പെട്ടെന്നും നികുതി വ്യവസ്ഥകള്‍ ഇളവു വരുത്തിയെന്നും ആദിത്യനാഥ് അവകാശപ്പെട്ടു.