ബംഗളൂരു: യെദ്യൂരപ്പയുടെ പേരില്‍ പുറത്ത് വന്ന ഡയറി വ്യാജമെന്ന് ബംഗളൂരു ആദായ നികുതി വകുപ്പ് പ്രിന്‍സിപ്പല്‍ ചീഫ് കമ്മീഷണര്‍ ബിഎസ് ബാലകൃഷ്ണന്. കോടതിയില്‍ സമര്‍പ്പിക്കാന്‍ കഴിയാത്ത രേഖകള്‍ ആണ് ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളതെന്നും ഈ ഡയറി വ്യാജമാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ നേരത്തെ തെളിഞ്ഞിട്ടുള്ളതാണെന്നും ബിഎസ് ബാലകൃഷ്ണന് അറിയിച്ചു.
കര്‍ണാടക മുഖ്യമന്ത്രിയാവാന്‍ 2008-09 കാലഘട്ടത്തില്‍ ബിജെപി നേതാക്കള്‍ക്കും ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കുമായി യെദ്യൂരപ്പ 1800 കോടിയിലേറെ രൂപ നല്‍കിയെന്നാണ് കാരവന് മാഗസിന് പുറത്ത് വിട്ട ഡയറിയില്‍ പറയുന്നത്. ആരോപണത്തിനടിസ്ഥാനമായി പുറത്തുവിട്ട ഡയറി വ്യാജമാണെന്ന് ബിജെപിയും യെദ്യൂരപ്പയും നേരത്തെ തന്നെ നിലപാടെടുത്തിരുന്നു.
ഇപ്പോഴത്തെ സംഭവങ്ങള്‍ മറ്റ് കേസുകളെ സ്വാധീനിക്കാനുള്ള ശ്രമമെന്ന് കരുതുന്നുവെന്നും ബംഗളൂരു ആദായ നികുതി വകുപ്പ് പ്രിന്‍സിപ്പല്‍ ചീഫ് കമ്മീഷണര്‍ അഭിപ്രായപ്പെട്ടു.
കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, അരുണ്‍ ജെയ്റ്റ്ലി, രാജ്നാഥ് സിംഗ് തുടങ്ങിയ ബിജെപിയുടെ കേന്ദ്രനേതാക്കളാണ് യെദ്യൂരപ്പയില്‍ നിന്നും കോടികള്‍ കൈക്കൂലി വാങ്ങിയതായി ആരോപണമുണ്ടായിരുന്നത്. ഇതിന് പിന്നാലെ ബിജെപി നേതാക്കള്‍ക്കെതിരെ രംഗത്തു വന്ന കോണ്‍ഗ്രസ് നേതാവ് ഇവര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.