ചെന്നൈ: കൃത്യസമയത്ത് മരുന്ന് ലഭിക്കാതെ ഒരുപാട് പ്രമേഹ രോഗികളായ വിദ്യാര്‍ത്ഥികള്‍ പരീക്ഷഹാളില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ പ്രമേഹ രോഗമുള്ള വിദ്യാര്‍ത്ഥികള്‍ ഇന്‍സുലിനുമായി പൊതുപരീക്ഷയ്ക്കെത്തുന്നത് അനുവദിക്കുമോയെന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് മദ്രാസ് ഹൈക്കോടതി ചോദിച്ചു.
ടൈപ്പ് വണ്‍ പ്രമേഹരോഗികളായ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാഹാളില്‍ മരുന്നുകളും പഴങ്ങളും കൊണ്ടുവരാന്‍ അനുമതി നല്‍കണമെന്ന പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. രോഗികളായ കുട്ടികള്‍ക്ക് പരീക്ഷാ ഹാളില്‍ ഇന്‍സുലിന്‍, മരുന്നുകള്‍ എന്നിവ കൊണ്ടുവരാനുള്ള നടപടികള്‍ ഉണ്ടാവേണ്ടത് അനിവാര്യമാണ് കോടതി നിരീക്ഷിച്ചു.
ടൈപ്പ് വണ്‍ പ്രമേഹം ബാധിച്ച കുട്ടികള്‍ എപ്പോഴും മരുന്ന് കരുതേണ്ട പ്രാധാന്യത്തെക്കുറിച്ച് കോടതിയില്‍ ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ഭിന്നശേഷിക്കാര്‍ക്ക് നല്കുന്ന അതേ പരിഗണന പ്രമേഹ രോഗമുള്ള കുട്ടികള്‍ക്കും നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ഹര്‍ജി ഏപ്രില്‍ നാലിന് പരിഗണിക്കും.