ന്യൂഡല്‍ഹി: ബിജെപിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബിജെപിയിലെ എല്ലാ കാവല്‍ക്കാരും കള്ളന്മാരാണെന്ന് രാഹുല്‍ ആരോപിച്ചു. കര്‍ണാടക മുഖ്യമന്ത്രിയാവാന്‍ ബിഎസ് യെദ്യൂരപ്പ മുതിര്‍ന്ന ബിജെപി നേതാക്കള്‍ക്ക് 1800 കോടി നല്‍കിയെന്ന കാരവാന് വെളിപ്പെടുത്തലിന് പിന്നാലെയാണ് ബിജെപി നേതാക്കള്‍ക്കെതിരെ ആരോപണവുമായി രാഹുല്‍ രംഗത്തെത്തിയത്.
ബിജെപിയിലെ എല്ലാ കാവല്‍ക്കാരും കള്ളന്മാരാണെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. ‘നോമോ, അരുണ്‍ ജെയ്റ്റ്ലി, രാജ്നാഥ് സിങ് ‘ എന്നെഴുതി കാരവാന്റെ റിപ്പോര്‍ട്ടും ചേര്‍ത്താണ് രാഹുല്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.
ബിജെപി നേതാവും മുന്‍ കര്‍ണാടക മുഖ്യമന്ത്രിയുമായ യെദ്യൂരപ്പ 2008 – 09 കാലഘട്ടത്തില്‍ ബിജെപി നേതാക്കള്‍ക്കും ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കുമായി 1800 കോടിയിലേറെ രൂപ നല്‍കിയെന്നായിരുന്നു അദ്ദേഹത്തിന്റെ ഡയറി പുറത്ത് വിട്ട് കൊണ്ടുള്ള കാരവാന് മാസികയുടെ വെളിപ്പെടുത്തല്‍.
കര്‍ണാടക നിയമസഭയുടെ ഔദ്യോഗിക ഡയറിയിലാണ് സാമ്പത്തിക ഇടപാടുകളെല്ലാം അദ്ദേഹം എഴുതി വച്ചിരിക്കുന്നത്. സ്വന്തം കൈപ്പടയിലാണ് അദ്ദേഹം കണക്കുകള്‍ എഴുതി വച്ചിട്ടുള്ളത്. ഇത് കൂടാതെ എല്ലാ കണക്കുകളുടേയും താഴെ അദ്ദേഹം ഒപ്പിടുകയും ചെയ്തിട്ടുണ്ട്. ഇതിനെതിരെയാണ് രാഹുല്‍ ബിജെപിക്കെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയത്.