ന്യൂഡല്‍ഹി: മേം ഭീ ചൗക്കിദാര്‍ ക്യാപെയ്നെതിരെ പരിഹാസവുമായി അസദുദ്ദീന്‍ ഒവൈസി. നിങ്ങളുടെ മൂക്കിന് താഴെയാണ് പത്താന്‍കോട്ട് ആക്രമണവും ഉറി ആക്രമണവും പുല്‍വാമ ഭീകരാക്രമണവുമെല്ലാം നടന്നത്. നിങ്ങള്‍ എന്ത് തരം ചൗക്കിദാറാണ്? ഇന്ത്യയ്ക്ക് വേണ്ടത് സത്യസന്ധനായ ഒരു പ്രധാനമന്ത്രിയെയാണ്. അല്ലാതെ ഒരു കാവല്‍ക്കാരനെയല്ല ഒവൈസി കൂട്ടിച്ചേര്‍ത്തു.
നിങ്ങള്‍ ഒരു യഥാര്‍ത്ഥ ചൗക്കിദാര്‍ ആണെങ്കില്‍ സംത്ധോത സ്ഫോടനക്കേസില്‍ അസീമാനന്ദ അടക്കം നാല് പ്രതികളെ വെറുതെ വിട്ട കോടതി ഉത്തരവിനെതിരെ അപ്പീല്‍ പോകണമെന്നും ഒവൈസി ആവശ്യപ്പെട്ടു.
പ്രധാനമന്ത്രിയായി അധികാരമേറ്റെടുത്തതിന് പിന്നാലെ പാര്‍ലമെന്റില്‍ മോഡി നടത്തിയ ആദ്യപ്രസംഗം എനിക്ക് ഓര്‍മ്മയുണ്ട്. 1200 വര്‍ഷത്തെ പോരാട്ടത്തിന് ശേഷമാണ് നമുക്ക് അധികാരത്തിലെത്താന്‍ ആയതെന്ന് അദ്ദേഹം പറയുന്നുണ്ട്. ആ ഒരൊറ്റ പ്രസംഗത്തിലൂടെ തന്നെ 25-30 വര്‍ഷം ആര്‍എസ്എസ് പ്രത്യയശാസ്ത്രം പിന്തുടര്ന്നു പോന്ന ഒരാള്‍ മാത്രമാണ് മോഡിയെന്ന് ഞാന്‍ മനസിലാക്കിയിരുന്നു. ആര്‍എസ്എസിന്റെ പുസ്തകങ്ങള്‍ വായിച്ചാല്‍ തന്നെ ഇന്ത്യയുടെ വൈവിധ്യപരമാര്‍ന്ന സംസ്കാരത്തിന് എതിരാണ് അവര്‍ എന്ന് നമുക്ക് മനസിലാകുമെന്നും ഒവൈസി പറഞ്ഞു.