ന്യൂഡല്‍ഹി: പാകിസ്താന്റെ ദേശീയ ദിന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ഇന്ത്യ. പാകിസ്താന് ഹൈ കമ്മീഷന്റെ ദേശീയ ദിന ചടങ്ങിലേക്ക് പ്രതിനിധികളെ അയക്കേണ്ടതില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഹുറിയത്ത് നേതാക്കളുടെ സാന്നിധ്യം ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ ചടങ്ങില്‍ പങ്കെടുക്കാത്തത്.
മാര്‍ച്ച് 23നാണ് പാകിസ്താന്റെ ദേശീയ ദിനം ആഘോഷിക്കുന്നത്. എന്നാല്‍ ഡല്‍ഹിയിലുള്ള ഹൈക്കമ്മീഷന്റെ ചടങ്ങ് മാര്‍ച്ച് 22നാണ്. ‘പാകിസ്താന് ഹൈക്കമ്മീഷന് ഹുറിയത്ത് നേതാക്കളെ പരിപാടിയില്‍ ക്ഷണിച്ചതിനാല്‍ ഇന്ത്യയില്‍ നിന്ന് ഔദ്യോഗിക പ്രതിനിധികളെ അയക്കേണ്ടതില്ലെന്നാണ് ഉന്നതതല തീരുമാനം.’
കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളിലും ഹുറിയത്ത് നേതാക്കളെ ചടങ്ങില്‍ ക്ഷണിക്കുന്നതില്‍ ഇന്ത്യ അതൃപ്തി അറിയിച്ചിരുന്നെങ്കിലും ഇതാദ്യമായാണ് എന്‍ഡിഎ സര്‍ക്കാര്‍ ചടങ്ങില്‍ പങ്കെടുക്കാതെ വിട്ടു നില്‍ക്കുന്നത്.
അതേസമയം, കാശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഇത് കേന്ദ്ര നേതൃത്വത്തെ കടുത്ത തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് സൂചന.