ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ പ്രദേശവാസികളെ ബന്ദികളാക്കിയ ലഷ്കറെ ഭീകരരില്‍ ഒരാളെ സൈന്യം വധിച്ചു.അഞ്ച് നാട്ടുകാരെയായിരുന്നു സംഘം ബന്ദികളാക്കിയിരുന്നത്. ഇവരെ സേന മോചിപ്പിച്ചു.
അതിനിടെ അതിര്‍ത്തിയില്‍ രണ്ടിടങ്ങളില്‍ പാകിസ്താന് വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. രാജൗരി ജില്ലയിലെ നൗഷാരാ സെക്ടറിലും സുന്ദര്ബാനിയിലുമാണ് പാകിസ്താന് വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്.
സുന്ദര്‍ബാനിയില്‍ പാകിസ്താന് ഷെല്ലാക്രമണവും നടത്തി. ഇന്ന് ഉച്ചകഴിഞ്ഞ് 2.45 ഓടെയായിരുന്നു പാകിസ്താന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. കൂടാതെ ഇന്ന് രാവിലെ നിയന്ത്രണരേഖയ്ക്ക് അടുത്ത് പാക് സൈന്യം നടത്തിയ വെടിവയ്പില്‍ ഒരു സൈനികന് കൊല്ലപ്പെട്ടിരുന്നു.
സോപോറില്‍ സിആര്‍പിഎഫ് ജവാന്മാര്ക്ക് നേരെ ഭീകരര്‍ ഗ്രനേഡ് ആക്രമണം നടത്തി. രണ്ടു തവണയായി ഉണ്ടായ ഭീകരാക്രമണത്തില്‍ ഒരു സൈനികനും ജമ്മു കശ്മീരില്‍ നിന്നുള്ള രണ്ട് പോലീസുദ്യോഗസ്ഥര്‍ക്കും പരിക്കേറ്റു. ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് സിആര്‍പിഎഫ് ക്യാമ്പിന് നേരെ ആക്രമണമുണ്ടായത്. പരിക്കേറ്റ പോലീസുകാരില്‍ ഒരാള്‍ എസ്എച്ച്ഒ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ്.
ഇനി ഇന്ത്യയിലൊരു ഭീകരാക്രമണമുണ്ടായാല്‍ അടങ്ങിയിരിക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് പാകിസ്താന് മുന്നറിയിപ്പ് നല്‍കിയിരുന്നു. പിന്നാലെയാണ് ഭീകരാക്രമണങ്ങള്‍ തുടരുന്നത്.