മുബൈ; മഹാരാഷ്ട്രയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാധാകൃഷ്ണ വിഖെ പാട്ടീല്‍ പാര്‍ട്ടിയില്‍ നിന്ന് രാജി വച്ചു. രാജി കത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്ക് രാധാകൃഷ്ണ വിഖെ കൈമാറി. രാഷ്ട്രീയ ആദര്‍ശത്തിന്റെ പേരിലാണ് രാജിയെന്ന് രാധാകൃഷ്ണ വിഖെ പറഞ്ഞു. അതെസമയം രാധാകൃഷ്ണ വിഖെ ബിജെപിയിലേക്ക് പോകുമെന്ന സൂചനയുണ്ട്.
കഴിഞ്ഞ ദിവസം രാധാകൃഷ്ണ വിഖെയുടെ മകന് സുജോയ് വിഖെ പാട്ടീല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജി വച്ച് ബിജെപിയില്‍ ചേര്‍ന്നിരുന്നു. മകന് ബിജെപിയില്‍ ചേരാന്‍ കാരണം എന്‍സിപി നേതാവ് ശരദ് പവാറാണെന്ന് രാധാകൃഷ്ണ വിഖേ കുറ്റപ്പെടുത്തിയിരുന്നു. അഹമ്മദ്നഗര്‍ സീറ്റിനെ ചൊല്ലി എന്‍സിപിയുമായുളള തര്‍ക്കവും ഇതിന്റെ തുടര്‍ച്ചയായി ശരദ് പവാര്‍ നടത്തിയ വിവാദ പരാമര്‍ശങ്ങളുമാണ് മകന് കോണ്‍ഗ്രസ് വിടാന്‍ കാരണമെന്ന് രാധാകൃഷ്ണ വിഖേ പാട്ടീല്‍ ആരോപിച്ചിരുന്നു.
ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ ന്യൂറോ സര്‍ജനായ സുജോയ് വിഖെ പാട്ടീല്‍ ബിജെപി ടിക്കറ്റില്‍ അഹമ്മദ്നഗറില്‍ നിന്നും മത്സരിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് വ്യക്തമാക്കിയിരുന്നു. പിന്നാലെ മകനെതിരെ പ്രചാരണത്തിന് ഇറങ്ങില്ലെന്ന് രാധാകൃഷ്ണ വിഖെ പറഞ്ഞു. പാര്‍ട്ടിയില്‍ നിന്നുള്ള രാജിയും ചേര്‍ത്ത് വായിക്കുമ്പോള്‍ രാധാകൃഷ്ണ വിഖെ പാട്ടീല്‍ ബിജെപിയില്‍ ചേര്‍ന്നെക്കുമെന്ന സൂചന വര്‍ധിപ്പിക്കുന്നുണ്ട്.
ലോക്സഭ തെരഞ്ഞെടുപ്പും മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പും അടുത്ത് നില്‍ക്കേ മുതിര്‍ന്ന നേതാവ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചത് കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് വരുത്തിയിരിക്കുന്നത്.