തിരുവന്തപുരം: ടിക്കറ്റ് പരിശോധനയിക്കായി ഇനിമുതല്‍ ട്രെയിനില്‍ ട്രാവലിങ് ടിക്കറ്റ് എക്സാമിനര്മാരുണ്ടാവില്ല, പകരം പ്ലാറ്റ്ഫോമില്‍നിന്ന് ടിക്കറ്റ് പരിശോധിക്കുന്ന കൊമേഴ്സ്യല്‍ കം ടിക്കറ്റ് ക്ലര്‍ക്കുമാരെ നിയമിക്കാനൊരുങ്ങുകയാണ് റെയില്‍വെ. എന്നാല്‍ ഇന്ത്യയില്‍ ഈ സംവിധാനം അപ്രായോഗികമാണെന്ന രീതിയില്‍ ജീവനക്കാരുടെ സംഘടനകളില്‍ നിന്നും അഭിപ്രായമുയരുന്നുണ്ട്.
ഇന്ത്യന്‍ റെയില്‍വെ ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുന്നതിനായി അടുത്തിടെ 1,30,000 ഒഴിവുകളിലേക്കായി പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ ടിടിഇമാരുടെ തസ്തിക ഉള്‍പ്പെടുത്തിയിട്ടില്ല. ഇതിന് പകരം പുതിയ തസ്തികയായി കൊമേഴ്സ്യല്‍ കം ടിക്കറ്റ് ക്ലാര്‍ക്ക് തസ്തിക ഏര്‍പ്പെടുത്തി.
വിമാനത്താവളങ്ങളില്‍ നടത്തി വരുന്ന ടിക്കറ്റ് പരിശോധന മാതൃകയാക്കി റെയില്‍വെ പ്ലാറ്റ്ഫോമില്‍തന്നെ ടിക്കറ്റ് പരിശോധിച്ച് യാത്രക്കാരെ ട്രെയിനുകളില്‍ പ്രവേശിപ്പിക്കുന്ന സംവിധാനം ഏര്‍പ്പെടുത്താനാണ് റെയില്‍വെയുടെ തീരുമാനം.
എന്നാല്‍ ടിടിഇമാരെ ഒഴിവാക്കുന്നത് ട്രെയിനിലെ സുരക്ഷ കുറയ്ക്കുമെന്നും അഭിപ്രായമുയരുന്നുണ്ട്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ ടിടിഇമാര്‍ക്ക് നിര്‍ണായക പങ്കുണ്ട്. ടിടിഇമാരെ ഒഴിവാക്കിയാല്‍ പിന്നെ ഗാര്‍ഡും ലോക്കോപൈലറ്റും മാത്രമാകും ട്രെയിനിലുണ്ടാകുന്ന ജീവനക്കാര്‍. ഇവര്‍ക്കു മാത്രമായി യാത്രക്കാരുടെ സുരക്ഷ ശ്രദ്ധിക്കാനാവില്ലെന്നും അതിനാല്‍ ടിടിഇമാരെ പെട്ടന്ന് ഒഴിവാക്കുന്നത് തെറ്റായ തീരുമാനമായിരിക്കുമെന്നും ജീവനക്കാര്‍ പറയുന്നു.