മുംബൈ: പലിശ നിരക്ക് ക്രമീകരണവുമായി ബന്ധപ്പെട്ട് ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികളുമായും വിവിധ വ്യാപാര വ്യവസായ അസോസിയേഷനുകളുടെ പ്രതിനിധികളുമായും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് നിര്‍ണായക ചര്‍ച്ച നടത്തും. ഈ മാസം 26 നാണ് ചര്‍ച്ച. ഏപ്രില്‍ നാലിന് നടക്കുന്ന പണനയ അവലോകനയോഗത്തിന് മുന്നോടിയായി അഭിപ്രായം സ്വരൂപിക്കുന്നതിന്റെ ഭാഗമായാണ് യോഗം ചേരാന്‍ തീരുമാനിച്ചത്.
സമ്പദ്വ്യവസ്ഥയ്ക്ക് ഉത്തേജനം നല്‍കുന്നത് സംബന്ധിച്ചും പലിശ നിരക്ക് ക്രമീകരിക്കുന്നത് സംബന്ധിച്ചും ആര്‍ബിഐ ഗവര്‍ണര്‍ നിര്‍ദേശങ്ങള്‍ ചോദിച്ചറിയും. ചര്‍ച്ച മുംബൈയിലാണ് നടക്കുക. നീണ്ട 18 മാസത്തെ ഇടവേളക്ക് ശേഷം റിസര്‍വ് ബാങ്ക് പലിശ നിരക്കുകളില്‍ ഇളവ് വരുത്തിയത് ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ്.
വ്യാവസായിക ലോകത്ത് നിന്ന് ഉയര്‍ന്നിട്ടുള്ളത് പലിശ നിരക്കില്‍ കൂടുതല്‍ ഇളവ് പ്രഖ്യാപിക്കണമെന്ന ആവശ്യമാണ്. പൊതു തെരഞ്ഞെടുപ്പിന് മുന്‍പ് നടക്കാനിരിക്കുന്ന പണനയ അവലോകന യോഗമായതിനാല്‍ പണനയ അവലോകന യോഗ തീരുമാനങ്ങളെ രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങളും വ്യവസായികളും ഏറെ ശ്രദ്ധയോടെയാണ് കാണുന്നത്.