ന്യൂഡല്‍ഹി: മുതിന്ന കോണ്‍ഗ്രസ് നേതാവ് കെവി തോമസ് ഇന്ന് സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയ്ക്കുള്ള സമയം അനുവദിക്കാമെന്ന് സോണിയ ഗാന്ധിയുടെ ഓഫീസ് കെവി തോമസിനെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.
കഴിഞ്ഞ ദിവസം കെവി തോമസ് അഹമ്മദ് പട്ടേലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതില്‍ പ്രതിഷേധമുയര്‍ത്തിയ കെവി തോമസിനെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായായിരുന്നു കൂടിക്കാഴ്ച.
അഹമ്മദ് പട്ടേലുമായുള്ള നിര്‍ണായക കൂടിക്കാഴ്ചയ്ക്ക് ശേഷം ഡതല്ഹിയില് തന്നെ തുടരാന്‍ കെവി തോമസിനോട് പാര്‍ട്ടി നേതൃത്വം നിര്‍ദ്ദേശിച്ചിരുന്നു. എറണാകുളം മണ്ഡലത്തിലെ സ്ഥാനാത്ഥിത്വത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയതിന് പകരമായി പാര്‍ട്ടി പദവികള്‍ നല്കി കെവി തോമസിനെ അനുനയിപ്പിക്കാനാണ് ഹൈക്കമന്റ് ആലോചന.
എറണാകുളം സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് പാര്‍ട്ടി നേതൃത്വത്തിനെതിരെ
കെവി തോമസ് പരസ്യമായി രംഗത്തുവന്നതിനെ തുടര്‍ന്നാണിത്. സീറ്റില്ലെന്ന് വ്യക്തമായ ഉടനെ തന്നെ പ്രതിഷേധം പ്രകടിപ്പിച്ച കെവി തോമസിനെ അനുനയിപ്പിക്കാന്‍ രമേശ് ചെന്നിത്തലയടക്കമുള്ള നേതാക്കള്‍ ശ്രമം നടത്തി. എന്നാല്‍ ചെന്നിത്തലയോട് ആദ്യം രോഷത്തോടെ പ്രതികരിച്ചെങ്കിലും പിന്നീട് നേതാക്കളുടെ അനുനയ നീക്കങ്ങള്‍ക്ക് കെവി തോമസ് വഴങ്ങുകയായിരുന്നു. ഇന്ന് സോണിയ ഗാന്ധിയെ കണ്ട ശേഷം തുടര്‍ തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന നിലപാടിലാണ് കെവി തോമസ് ഇപ്പോള്‍.