ശ്രീനഗര്‍; മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന് ഷാ ഫസല്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു. ജമ്മുകാശ്മീര്‍ പീപ്പില്‍ മൂവ്മെന്റ് (ജെകെപിഎം)എന്നാണ് പാര്‍ട്ടിയുടെ പേര്. ശ്രീനഗറില്‍ ശനിയാഴ്ച നടന്ന ചടങ്ങിലാണ് പ്രഖ്യാപനം നടന്നത്. ജെഎന്‍യു മുന്‍ വൈസ് പ്രസിഡന്റ് ഷെഹ്ല റഷീദ് ശ്രീനഗറില്‍ നടന്ന ചടങ്ങില്‍ അംഗത്വം സ്വീകരിച്ചു.
രണ്ട് മാസങ്ങള്‍ മുമ്പാണ് തുടര്‍ച്ചയായുള്ള കാശ്മീരിലെ കൊലപാതകങ്ങളിലും, കശ്മീര്‍ പ്രശ്നം പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആത്മാര്‍ത്ഥ കാണിക്കാത്തതിലും പ്രതിഷേധിച്ച് ഷാ ഫസല്‍ രാജി വയ്ക്കുന്നത്. 2009 ഐഎഎസ് ബാച്ചിലെ ഒന്നാം റാങ്കുകാരനായിരുന്നു ഷാ ഫസല്‍.
ശ്രീനഗറിലെ രാജ് ബര്‍ഗ് ഏരിയയിലെ ഗിണ്ടുണ് പാര്‍ക്കിലാണ് പ്രഖ്യാപനം നടന്നത്. കാശ്മീരിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടിയാണ് താന്‍ സിവില്‍ സര്‍വ്വീസ് ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്ക് വന്നതെന്ന് ചടങ്ങില്‍ പങ്കെടുത്ത് അദ്ദേഹം പറഞ്ഞു.
‘പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ സിവില്‍ സര്‍വീസില്‍ ചേര്‍ന്നപ്പോള്‍ റോഡുകളും, വൈദ്യുതിയും, പാര്‍പ്പിടവും, കുടിവെള്ളവും നല്‍കുന്നതിലൂടെ കാശ്മീരിലെ ജനങ്ങളുടെ ജീവിതത്തെ മാറ്റാന്‍ കഴിയുമെന്നായിരുന്നു വിശ്വസിച്ചിരുന്നത്. എന്നാല്‍ അനാവശ്യമായി യുവാക്കള്‍ കൊല്ലപ്പെടുന്നിടത്തോളം, നമ്മുടെ മാതാക്കളുടെ, സഹോദരിമാരുടെ പ്രിയപ്പെട്ടവര്‍ നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന കാലത്തോളം ,കാശ്മീരിലെ ജനങ്ങളുടെ ജീവിതത്തെ മാറ്റാന്‍ കഴിയില്ലെന്ന് താന്‍ മനസ്സിലാക്കി-ചടങ്ങില്‍ പങ്കെടുത്ത് ഷാ പറഞ്ഞു.
കാശ്മീരിലെ കൊലപാതകങ്ങള്‍ കുറയുമ്പോഴും, കാശ്മീരിലെ പ്രശ്നങ്ങള്‍ കുറയുമ്പോഴും മാത്രമേ നല്ല ജീവിതം നടത്താന്‍ കാശ്മീരി ജനതയ്ക്ക് കഴിയൂ എന്ന് തിരിച്ചറിഞ്ഞത് കൊണ്ടാണ് ജോലി രാജി വച്ച് രാഷ്ട്രീയത്തിലേക്ക് വന്നതെന്ന് ഷാ ഫസല്‍ കൂട്ടിച്ചേര്‍ത്തു.
അരികുവല്‍ക്കരണം നേരിടുന്ന സമുദായങ്ങള്‍ക്ക് മതിയായ രാഷ്ട്രീയ പ്രാതിനിധ്യം,സുസ്ഥിര വികസന തന്ത്രങ്ങള്‍ പ്രോത്സാഹിപ്പിക്കുക,പുരോഗമനപരമായ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുക. സ്ത്രീ പ്രാധിനിത്യം വര്‍ധിപ്പിക്കുക, ജമ്മു-കശ്മീരില്‍ സുതാര്യവും അഴിമതിരഹിതവുമായ രാഷ്ട്രീയത്തെ സ്ഥാപിക്കുക, എന്നിവയാണ് ജെകെപിഎമ്മിന്റെ ലക്ഷ്യമെന്ന് ഷാ ഫസല്‍ വ്യക്തമാക്കി.