പനാജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ആരോഗ്യനില വളരെ മോശമായ സാഹചര്യത്തില്‍ പുതിയ മുഖ്യമന്ത്രിയെ തേടി ബിജെപി. ഇന്ന് രാവിലെ ഈ വിഷയം ചര്‍ച്ച ചെയ്യാനായി മുതിര്‍ന്ന ബിജെപി നേതാക്കള്‍ യോഗം ചേര്‍ന്നു. യോഗത്തില്‍ ഗോവ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പുതിയ ആളെ കണ്ടെത്തുമെന്നാണ് സൂചന.
നിലവില്‍ ബിജെപി സഖ്യത്തിലുള്ള ഒരു എംഎല്‍എ തന്നെ ഈ സ്ഥാനത്തേക്ക് വരുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനായി ബിജെപി ഘടകകക്ഷികളായ മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി, ഗോവ ഫോര്‍വേഡ് പാര്‍ട്ടി എന്നിവരുമായി പാര്‍ട്ടി ചര്‍ച്ച നടത്തും. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിക്കണമെന്നു ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പാര്‍ട്ടി ഗവര്‍ണര്‍ക്ക് കത്ത് നല്കിയ സാഹചര്യത്തിലാണ് ബിജെപിയുടെ ഈ പുതിയ നീക്കം.
മൂന്നു നിയമസഭാ മണ്ഡലങ്ങളിലേക്കും ഏപ്രില്‍ 23ന് ലോക്സഭാ തെരഞ്ഞെടുപ്പിനോടൊപ്പം ഉപതെരഞ്ഞെടുപ്പുകള്‍ നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. നിയമസഭയില്‍ മുഖ്യമന്തിയുള്‍പ്പെടെയുള്ള ബിജെപി പാര്‍ട്ടി എംഎല്‍എമാരുടെ എണ്ണം ഇപ്പോള്‍ 13 ആണ്. അതേസമയം കോണ്‍ഗ്രസ് എംഎല്‍എമാരുടെ എണ്ണം പതിനാലുമാണ്. ബിജെപി നയിക്കുന്ന സര്‍ക്കാര്‍ ഇപ്പോള്‍ ഗോവ നിയമസഭയില്‍ ന്യൂനപക്ഷമാണെന്നും ഗവര്‍ണര്‍ക്കയച്ച കത്തില്‍ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ ചന്ദ്രകാന്ത് കവ്ലേക്കര്‍ പറയുന്നു.