ഡല്‍ഹി: നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിന് തൊട്ട് മുമ്പ് രാഷ്ട്രീയപാര്‍ട്ടികള്‍ പ്രകടനപത്രികകള്‍ പുറത്തിറക്കുന്ന നടപടി അനുവദിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്. ബിജെപി 2014ല്‍ തെരഞ്ഞെടുപ്പ് ദിവസം പ്രകടനപത്രിക പുറത്തിറക്കിയിരുന്നു. ഈ നടപടിയെ പരോക്ഷമായി പരാമര്‍ശിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവിറക്കിയത്.
പുതിയ ഭേദഗതി പ്രകാരം തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള നിശ്ശബ്ദപ്രചരണ സമയത്ത് പ്രകടനപത്രികകള്‍ പുറത്തിറക്കുന്നത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കി. ബിജെപി 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആദ്യഘട്ട വോട്ടെടുപ്പ് നടന്ന ദിവസമാണ് പ്രകടനപത്രിക പുറത്തിറക്കിയത്. അന്ന് കോണ്‍ഗ്രസ് ഈ നടപടി ചൂണ്ടിക്കാട്ടി പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. ഇത് വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള നീക്കമാണെന്നും തെരഞ്ഞെടുപ്പ് ചട്ടത്തിന് വിരുദ്ധമാണെന്നും ആയിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം. എന്നാല്‍ പ്രകടനപത്രിക പുറത്തിറക്കുന്നതിനെപ്പറ്റി പെരുമാറ്റച്ചട്ടത്തില്‍ പരാമര്‍ശങ്ങള്‍ ഇല്ലാത്തതിനാല്‍ ബിജെപിക്കെതിരെ നടപടിയൊന്നും എടുത്തിരുന്നില്ല.
കമ്മീഷന്റെ ഭാഗത്ത് നിന്ന് ഇപ്പോള്‍ പുതിയ പ്രഖ്യാപനം വന്നിരിക്കുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തില്‍ ഭേദഗതി വരുത്തിക്കൊണ്ടാണ്. നിശ്ശബ്ദ പ്രചരണ സമയത്ത് രാഷ്ട്രീയനേതാക്കള്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ അഭിപ്രായപ്രകടനം നടത്തുകയോ അഭിമുഖം അനുവദിക്കുകയോ ചെയ്യരുതെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. താര പ്രചാരകരടക്കം ഈ സമയത്ത് മാധ്യമങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നാണ് നിര്‍ദേശം.