മേട്ടുപ്പാളയം: ദക്ഷിണ റെയില്‍വേ നീലഗിരി പൈതൃകതീവണ്ടിയുടെ ലക്ഷ്വറി സര്‍വ്വീസ് ഊട്ടിവരെ നീട്ടുന്നതായി അറിയിച്ചു. സമ്മര്‍ സ്പെഷ്യല്‍ തീവണ്ടിയായി ഓടുന്നത് ഏപ്രില്‍ 6 ശനിയാഴ്ച മുതല്‍ ജൂണ്‍ 30 വരെയുള്ള ശനി, ഞായര്‍ ദിവസങ്ങളിലാണ്.
ഇപ്പോള്‍ ശനിയാഴ്ച മേട്ടുപ്പാളയത്ത് നിന്ന് കൂനൂര്‍ വരെയും തിരിച്ച് ഞായറാഴ്ച കൂനൂരില്‍ നിന്ന് മേട്ടുപ്പാളയത്തേക്കും മാത്രമായിരുന്നു പ്രത്യേക സര്‍വീസ്. തീവണ്ടിയുടെ യാത്ര ജനുവരിയോടെ സ്ഥിരപ്പെടുത്തിയെങ്കിലും യാത്രക്കാരുടെ എണ്ണം വളരെ കുറഞ്ഞതോടെയാണ് സേലം ഡിവിഷന് അധികൃതര്‍ ഇടപ്പെട്ട് സര്‍വീസ് ഊട്ടിവരെ നീട്ടാന്‍ തീരുമാനിച്ചത്.
പൈതൃക തീവണ്ടിയില്‍ 3 കോച്ചുകളിലായി 32 ഫസ്റ്റ്ക്ലാസ്സ് സീറ്റുകളും 100 സെക്കന്‍ഡ് ക്ലാസ് സീറ്റുകളുമാണ് ഉള്ളത്. രാവിലെ 9.10ന് മേട്ടുപ്പാളയത്ത് നിന്ന് പുറപ്പെടുന്ന തീവണ്ടി ഉച്ചയ്ക്ക് രണ്ടരയോടെ ഊട്ടിയിലെത്തും. പിറ്റേന്ന് 11.25ന് ഊട്ടിയില്‍ നിന്ന് പുറപ്പെട്ട് വൈകീട്ട് 4.20 ഓടെ മേട്ടുപ്പാളയത്ത് തിരിച്ചെത്തും വിധമാണ് സമയക്രമം.
പൈതൃക തീവണ്ടിയില്‍ സഞ്ചരിക്കാന്‍ മേട്ടുപ്പാളയം-കൂനൂര്‍ ഫസ്റ്റ് ക്ലാസ്സ് നിരക്ക് 1100 രൂപയും, മേട്ടുപ്പാളയം-ഊട്ടി 1450 രൂപയുമാണ്. മേട്ടുപ്പാളയം-കൂനൂര്‍ സെക്കന്‍ഡ് ക്ലാസ്സ് നിരക്ക് 800 രൂപയും ഊട്ടിവരെ 1050 രൂപയുമാണ്. കൂനൂര്‍-ഊട്ടി ഫസ്റ്റ്ക്ലാസ്സ് 550 രൂപയും, സെക്കന്‍ഡ് ക്ലാസ്സ് 450 രൂപയുമാണ് നിരക്കുകള്‍. പ്രത്യേക സര്‍വീസിനുള്ള റിസര്‍വേഷനുകള്‍ ആരംഭിച്ചു കഴിഞ്ഞു.