ലഖ്നൗ: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കേ ജെഡിഎസിന് കനത്ത തിരിച്ചടി. ജെഡിഎസ് സെക്രട്ടറി ജനറല്‍ ഡാനിഷ് അലി ബിഎസ്പിയില് ചേര്‍ന്നു. ബിഎസ്പി അഖിലേന്ത്യ ജനറല്‍ സെക്രട്ടറി സതീഷ് മിശ്രയുടെ സാന്നിധ്യത്തിലാണ് ഡാനിഷ് അലി ബിഎസ്പിയില് ചേര്‍ന്നത്.
കരുത്തുറ്റ നേതൃത്വത്തിനൊപ്പം പ്രവര്‍ത്തിക്കുന്നതിനായിട്ടാണ് ബിഎസ്പിയില് ചേരുന്നതെന്ന് ഡാനിഷ് അലി പ്രതികരിച്ചു. മായാവതി ചുമതലകള്‍ ഏല്‍പ്പിച്ചാല്‍ ആ നിമിഷം മുതല്‍ പാര്‍ട്ടിക്കായി പ്രചരണം ആരംഭിക്കുമെന്നും ഡാനിഷ് അലി പറഞ്ഞു. അംറോഹ മണ്ഡലത്തില്‍ നിന്ന് ഡാനിഷ് അലി ലോകസഭയിലേക്ക് മത്സരിച്ചേക്കുമെന്നും സൂചനയുണ്ട്.
പ്രമുഖ നേതാവ് പോയത് ജെഡിഎസിനും എച്ച്ഡി ദേവഗൗഡക്കും കനത്ത് തിരിച്ചടിയാണ് വരുത്തിയിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജെഡിഎസ്-കോണ്‍ഗ്രസ് സീറ്റ് വിഭജനത്തിനുള്ള സഖ്യ ചര്‍ച്ചക്കായി മുന്‍പന്തിയില്‍ നിന്നത് ഡാനിഷ് അലിയായിരുന്നു. തുടര്‍ച്ചയായി രണ്ട് തവണ രാജ്യസഭാ സീറ്റ് നിഷേധിച്ചതില്‍ ഡാനിഷ് അലി അതൃപ്തനായിരുന്നു. മൂന്ന് വര്‍ഷം മുമ്പും പാര്‍ട്ടി വിടാന്‍ ഒരുങ്ങിയെങ്കിലും എച്ഡി ദേവഗൗഡയുടെ ഇടപെടലില്‍ തീരുമാനം മാറ്റുകയായിരുന്നു.
കേരളത്തില്‍ കൃഷ്ണന്‍കുട്ടി, മാത്യു ടി തോമസ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്ക പരിഹരിക്കാന്‍ മുന്നിട്ടിറങ്ങിയതും ഡാനിഷ് അലിയായിരുന്നു.