ന്യൂഡല്‍ഹി: വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള 18 സ്ഥാനാര്‍ത്ഥികളെ കൂടി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. അസം, മേഘാലയ, തെലങ്കാന, സിക്കിം എന്നീ സംസ്ഥാനങ്ങളിലെ 18 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്.
അസമിലെ സില്‍ച്ചറില്‍ മഹിള കോണ്‍ഗ്രസ് അധ്യക്ഷ സുഷ്മിതാ ദേവും, കാലിയബോറില്‍ ഗൗരവ് ഗോഗോയിയും ദിബ്രുഗഡില്‍ മുന്‍ കേന്ദ്രമന്ത്രി പബന്‍ സിങ് ഖട്ടോവറും മത്സരിക്കും.
ഷില്ലോങ്ങില്‍ മുന്‍ മന്ത്രി വിന്‍സെന്റ് പാലയും തുറയില്‍ മുകുള്‍ സാങ്മയുമാണ് സ്ഥാനാര്‍ത്ഥികള്‍. തെലങ്കാനയിലെ എട്ടു സീറ്റുകളിലെ സ്ഥാനാര്‍ഥികളുടെ പേരും ഈ പട്ടികയില്‍ ഉണ്ട്. യുപിയിലെ സംവരണസീറ്റായ ബരാബങ്കിയില്‍ തനൂജ് പുനിയയും മത്സരിക്കും.
അതേസമയം, കേരളത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും. ഇന്നലെ രാത്രി ഏറെ വൈകിയും ചര്‍ച്ചകള്‍ തുടര്‍ന്നിരുന്നു. ഇതോടെ പട്ടികയുടെ അന്തിമരൂപം ആയെന്നാണ് സൂചന. രാഹുല്‍ ഗാന്ധിയുടെ അധ്യക്ഷതയില്‍ ഉള്ള തെരഞ്ഞെടുപ്പ് സമിതി ശനിയാഴ്ച രാവിലെ യോഗം ചേര്‍ന്ന് പട്ടികയ്ക്ക് അന്തിമ രൂപം നല്‍കും. എന്നാല്‍ ഇത്തവണ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയും മുല്ലപ്പള്ളിയും മത്സരിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ട്.