ന്യൂഡല്‍ഹി: കോടതിയലക്ഷ്യ കേസില്‍ റിലയന്‍സ് കമ്യൂണിക്കേഷന്‍ ലിമിറ്റഡ് (ആര്‍കോം) ചെയര്മാന് അനില്‍ അംബാനി കുറ്റക്കാരനാണെന്നു സുപ്രീംകോടതി കണ്ടെത്തിയ സാഹചര്യത്തില്‍ ജയിലില്‍ പോകുന്നത് ഒഴിവാക്കാന്‍ അനില്‍ അംബാനിക്ക് നാലു ദിവസത്തിനുള്ളില്‍ 453 കോടി അടയ്ക്കേണ്ടിവരും.
എറിക്സന് കമ്പനിക്ക് നല്‍കാനുള്ള 550 കോടി കുടിശിക നല്‍കാനുള്ള ഉത്തരവ് അനുസരിക്കാത്തതിനാണ് നടപടി. കോടതി ഉത്തരവ് അനുസരിച്ച് നല്‍കേണ്ട 550 കോടി രൂപ നിശ്ചിത സമയത്തിനകം നല്‍കാത്തതിന് എറിക്സണ് ഇന്ത്യയാണ് അംബാനിക്കെതിരെ ഹര്‍ജി നല്‍കിയത്. ആകെ 118 കോടി രൂപ വരുന്ന 2 ഡിമാന്‍ഡ് ഡ്രാഫ്റ്റുകള്‍ അംബാനിയുടെ അഭിഭാഷകരായ കപില്‍ സിബലും മുകുല്‍ റോഹത്ഗിയും ഹാജരാക്കുകയും ബാക്കി പിന്നാലെ നല്‍കാമെന്നും പറഞ്ഞിരുന്നു . എന്നാല്‍ ഡ്രാഫ്റ്റ് സ്വീകരിക്കില്ലെന്ന് എറിക്സണു വേണ്ടി ഹാജരായ ദുഷ്യന്ത് ദവെ പറഞ്ഞു. 453 കോടി രൂപ പലിശസഹിതം കിട്ടണമെന്നാണ് അദ്ദേഹം കോടതിയില്‍ വാദിച്ചത്.
റിലയന്‍സ് ജിയോക്ക് ആസ്തികള്‍ വിറ്റ വകയില്‍ 3000 കോടി രൂപ കിട്ടിയ ആര്‍കോം 2018 ഡിസംബര്‍ 15 നകം തുക അടയ്ക്കണമെന്ന ഉത്തരവ് പാലിക്കാതെ കോടതിയലക്ഷ്യമാണ് കാട്ടിയിരിക്കുന്നതെന്ന് ദവെ ചൂണ്ടിക്കാട്ടിയിരുന്നു. കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നും പണമടയ്ക്കുംവരെ അംബാനിയെയും മറ്റും തടവിലിടണമെന്നും ഇവര്‍ രാജ്യം വിട്ടുപോകാതിരിക്കാന്‍ നടപടിയെടുക്കണമെന്നും എറിക്സണ് വാദിച്ചു. ഇതിന്മേലാണ് കോടതി ഇപ്പോള്‍ അനില്‍ അംബാനിക്കു താക്കീത് നല്‍കിയിരിക്കുന്നത്. എറിക്സന് കമ്പനിക്ക് നല്‍കാനുള്ള 453 കോടി രൂപ കുടിശിക സഹിതം നല്‍കണമെന്നാണ് കോടതി ഉത്തരവ്.