ന്യൂഡല്‍ഹി; പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. മോഡി ദളിത് വിരുദ്ധനാണ്. മോഡിയെ അധികാരക്കസേരിയില്‍ നിന്നും താഴെയിറക്കണമെന്നും ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു. ജന്തര്‍ മന്തറില്‍ നടന്ന ഹുങ്കാര്‍ റാലിയില്‍ സംസാരിക്കുകായിരുന്നു ആസാദ്.
ബിജെപിയെ വീണ്ടും അധികാരത്തില്‍ കയറ്റരുത്. വോട്ട് ചെയ്യാന്‍ പോകുമ്പോള്‍ നിങ്ങള്‍ രോഹിത് വെമുലയെ ഓര്‍ക്കണം. ഉന ആക്രമണം ഓര്‍ക്കണം. ബിജെപിയുടെ ദളിത് വിരുദ്ധതയില്‍ മരിച്ചു വീഴുന്ന ഓരോരുത്തരെയും ഓര്‍ക്കണം. ദളിത് വിരുദ്ധരായ ബിജെപി വീണ്ടും അധികാരത്തില്‍ കയറ്റാന്‍ അനുവദിക്കരുതെന്നും ആസാദ് കൂട്ടിച്ചേര്‍ത്തു.
മോഡിക്കെതിരെ വാരണാസിയില്‍ മത്സരിക്കുമെന്നും ആസാദ് വ്യക്തമാക്കി. എല്ലാ ബഹുജന്‍ സമൂഹവും തങ്ങള്‍ക്കൊപ്പം നില്ക്കും. ബിജെപി ഗവണ്മെന്റിനെ തങ്ങള്‍ ഒരു പാഠം പഠിപ്പിക്കുമെന്നും ആസാദ് പറഞ്ഞു. ഭരണ ഘടനയെ സംരക്ഷിക്കാനുള്ള ശ്രമമാണ് ഭീം ആര്‍മി നടത്തുന്നതെന്നും ആസാദ് കൂട്ടിച്ചേര്‍ത്തു.